ശ്രീനഗര്‍ : ജമ്മു കശ്മീര്‍ നിവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 123 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു ശേഷം വികസനങ്ങള്‍ എത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇതുപ്രകാരം ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും സൗജന്യമായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കു കീഴില്‍(എബി- പിഎംജെഎവൈ) രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ആരോഗ്യ പരിരക്ഷ ലഭിക്കും
കശ്മീരികളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണിത്. സര്‍ക്കാറിന്റെ എല്ലാ ക്ഷേമ പരിഷ്കാരങ്ങളും ആനുകൂല്യങ്ങളും ഓരോ താമസക്കാര്‍ക്കും, ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വരെ, തടസ്സരഹിതമായ രീതിയില്‍ ഉറപ്പാക്കുമെന്നും സിന്‍ഹ പറഞ്ഞു.
ഇത് കൂടാതെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പെന്ഷന് പറ്റിയവര്‍ക്കും ഇതിന്റെ ഭാഗമാകാവുന്നതാണ്. പുതിയ ആരോഗ്യ പദ്ധതി 15 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി കോവിഡിന് വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രായപരിധിയും നിശ്ചയിച്ചിട്ടില്ല.
ജമ്മു കശ്മീര്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി എബി- പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തി 1592 മെഡിക്കല്‍ പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 5.97 ലക്ഷം കുടുംബങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുള്ളത്. ജമ്മുകശ്മീരിലെ വിരമിച്ചതും അല്ലാത്തതുമായ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഫിനാന്‍ഷ്യല്‍ കമ്മീഷണര്‍ അടല്‍ ഡുള്ളൂ പറഞ്ഞു. ജമ്മു കശ്മീരിലെ 218 പൊതു- സ്വകാര്യ- ആശുപത്രികള്‍ അടക്കം രാജ്യത്തെ 23300 ഹോസ്പിറ്റലുകളില്‍ ഈ കവറേജ് ലഭ്യമാകും. ഇതിനായി ഗോള്‍ഡന്‍ ഇ കാര്‍ഡ് അടിയന്തിരമായി പുറത്തിറക്കി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഡൂള്ളൂ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: