തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം വരെയായ ഇ.പി.ജയരാജനെതിരെ ആരോപണമുണ്ടായപ്പോള്‍ അദ്ദേഹത്തെ രാജിവപ്പിച്ചയാളാണ് പിണറായി. ജയരാജന് നല്കാന് കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നല്‍കണമെന്ന് സുരേന്ദ്രന് ചോദിച്ചു.
എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിന് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബന്ധുനിയമനം നടത്തി എന്ന കുറ്റത്തിന്റെ പേരില്‍ ഒന്നര വര്‍ഷക്കാലം ജയരാജനെ അപമാനിച്ചു പുറത്തുനിര്‍ത്തി. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ജലീല്‍ പല തട്ടിപ്പും നടത്തിയിട്ടുള്ളതെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രളയാനന്തരം വിദേശരാജ്യങ്ങളുമായി മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് കെ.ടി. ജലീലിനെ തൊടാന്‍ പിണറായിവിജയന് ധൈര്യം കാണിക്കാത്തത്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യംചെയ്യുന്നത് പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് ചോദിക്കാനാണ് എന്നാണ് ചിലര്‍ പറയുന്നത്. ഇഡി എന്നുപറയുന്നത് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏജന്‍സിയല്ല. അന്താരാഷ്ട്ര സ്വര്‍ണകള്ളക്കടത്തും അതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. ജലീലില്‍ നിന്ന് എന്തൊക്കെ ചോദിച്ചറിഞ്ഞു എന്ന് ജലീല്‍ തന്നയാണ് വ്യക്തമാക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: