പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്താന്‍ സാധ്യതയേറി. സിബിഐക്കോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറിയേക്കും. തട്ടിപ്പിന്റെ വ്യാപ്തിയും പ്രതികളുടെ വിദേശ ബന്ധങ്ങളും കണക്കിലെടുത്താണ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ ആലോചിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളും ഹൈക്കോടതിയിലുണ്ട്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ സര്‍ക്കാരിന് കൈമാറി.
പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പിലും ചേദ്യം ചെയ്യലിലും സുപ്രധാന വിവരങ്ങളാണ് ലഭിക്കുന്നത്. പ്രതി റോയി ഡാനിയേലിന്റെ ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ മൂന്ന് ആഡംബര ഫ്ളാറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലില്‍ പ്രതികള്‍ സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം തൃശൂര്‍ സ്വദേശിയിലേക്കും
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുംബത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ മുഖ്യആസൂത്രകനായ തൃശ്ശൂര്‍ സ്വദേശി ഇവരുടെ കുടുംബവുമായി വളരെ അടുപ്പമുള്ള ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരായ തെളിവുകളും പോലീസിന്റെ പക്കലുണ്ട്.
വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചതു കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണെന്നും അന്വേഷണ സംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: