കൊല്ലം: ലോകത്തെ തടവറയില്‍ നിന്ന് മോചിപ്പിക്കാനാണ് നിത്യസ്വതന്ത്രനായ ഭഗവാന്‍ തടവറയില്‍ പിറവി കൊണ്ടതെന്ന് മാതാ അമൃതാനന്ദമയി. ചിത്തചോരനാണ് കണ്ണന്‍. ഗോപികള്‍ പാല്‍ കറക്കുമ്പോഴും തൈര് കടയുമ്പോഴും വിളിച്ചത് കൃഷ്ണാ, മുകുന്ദാ മുരാരേ എന്നാണ്. അവരുടെ സമര്‍പ്പണമാണ് വെണ്ണ. അത് കൃഷ്ണന്‍ മോഷ്ടിക്കുകയായിരുന്നില്ല അവരുടെ പ്രാര്‍ഥനകളെ സ്വീകരിക്കുകയായിരുന്നുവെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു. ബാലഗോകുലം കൊല്ലം ഗ്രാമജില്ലാസമിതി സംഘടിപ്പിച്ച ജന്മാഷ്ടമി സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാതാ അമൃതാനന്ദമയി.
കര്‍മധീരതയുടെയും പരിശുദ്ധപ്രേമത്തിന്റെയും സന്ദേശം അതിന്റെ പൂര്‍ണതയില്‍ പ്രപഞ്ചത്തിന് നല്‍കിയ അവതാരമാണ് ഭഗവാന്റേത്. അര്‍ധരാത്രിയിലാണ് അവന്‍ ജനിച്ചത്. കൂരിരുട്ടിലാണ് വെളിച്ചത്തിന് പ്രസക്തി എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കണ്ണന്‍. വെണ്ണക്കള്ളനായി, രാധാകൃഷ്ണനായി, വൃന്ദാവനബാലനായി, ദ്വാരകാനാഥനായി, പാര്‍ഥസാരഥിയായി. എത്രയെത്ര വേഷങ്ങളിലാണ് ഭഗവാന്‍ വന്നത്. മാലിന്യങ്ങളകറ്റാന്‍ എത്തിയ മഹാതീര്‍ത്ഥമാണ് ആ ജീവിതം. കുരുന്നുകള്‍ മുതല്‍ വയോവൃദ്ധര്‍ വരെ, പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ ലോകം കൃഷ്ണലീലയിലാറാടി. തത്വബോധത്തിലേക്ക് പ്രപഞ്ചം ഉയരുകയായിരുന്നു. ആത്മാവിന്റെ അനശ്വരതയിലേക്ക് നയിക്കുന്നതാണ് ജന്മാഷ്ടമിയുടെ സന്ദേശമെന്ന് അമ്മ ചൂണ്ടിക്കാട്ടി.
കല്യാണ്‍ ഗ്രൂപ്പ് ഉടമ പട്ടാഭിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാപ്രസിഡന്റ് ആറ്റുവാശ്ശേരി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം ഡി. നാരായണശര്‍മ്മ, ആര്‍. ബാബുക്കുട്ടന്‍, വി. പ്രസന്നകുമാര്‍, ജഗന്നാഥന്‍ പുലിമുഖം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: