ബെംഗളൂരു: മയക്കുമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്ത മലയാളിയായ നിയാസ് മുഹമ്മദ് കേരളത്തിലും ബെംഗളൂരുവിലും സംഘടിപ്പിച്ച നിശാപാര്‍ട്ടികളില്‍ കേരളത്തില്‍ നിന്നുള്ള നടീനടന്മാരും പങ്കെടുത്തിരുന്നതായി സൂചന. സിസിബിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. നടീ, നടന്മാരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കേരള പോലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളില്‍ ഇവരുടെ മൊഴി സിസിബി രേഖപ്പെടുത്തിയേക്കും. നിയാസുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന, നിരന്തരം ബന്ധപ്പെട്ടിരുന്ന ചില നടീനടന്മാരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്ത മലയാളിയായ അനൂപ് മുഹമ്മദിനു പിന്നാലെ നിയാസ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയിലെ മയക്കുമരുന്നു ഇടപാടുകളിലേക്കാണ് അന്വേഷണം എത്തുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കന്നടനടി സഞ്ജന ഗല്‍റാണിയായിരുന്നു നിയാസിന്റെ പാര്‍ട്ടികളിലെ മുഖ്യാതിഥി. ബെംഗളൂരുവിലെ പാര്‍ട്ടികളില്‍ വച്ചാണ് നിയാസ്, സഞ്ജനയെ പരിചയപ്പെട്ടത്. ഇതിനു ശേഷം നിയാസ് കേരളത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ സഞ്ജന മുഖ്യാതിഥിയായി. ഇതോടെ ഇരുവരും അടുത്ത സൗഹൃദത്തിലായി. ഇതിനു ശേഷം ബെംഗളൂരുവില്‍ ആഡംബര ഹോട്ടലില്‍ നിയാസ് സംഘടിപ്പിച്ച നിരവധി പാര്‍ട്ടികളില്‍ സഞ്ജന പങ്കെടുത്തു. ഈ പാര്‍ട്ടികളിലാണ് കേരളത്തില്‍ നിന്നുള്ള ചില നടീനടന്മാരും മോഡലുകളും പങ്കെടുത്തത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ജൂലൈയില്‍ നിയാസ് നിര്‍മാണം ആരംഭിച്ച ഫേസ്മാസ്ക്കുകളുടെ പ്രമോഷനും സഞ്ജനയായിരുന്നു. നിയാസും രാഹുല്‍ ടോണ്‍സും തന്റെ രാഖി സഹോദരന്മാരെന്നാണ് സഞ്ജന പറഞ്ഞിരുന്നത്. ഇവരൊന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുള്ളത്.
നിയാസ് ഫാഷന്‍ ഫോട്ടോഗ്രാഫിയും ചെയ്തിരുന്നു. നിരവധി ഫാഷന്‍ ഷോകളില്‍ നിയാസ് വിധികര്‍ത്താവായിരുന്നു. നഗരത്തിലെ ഇത്തരം ഷോകളില്‍ പങ്കെടുക്കാനായി എത്തുമ്പോള്‍ നിയാസ് മയക്കുമരുന്ന് ശേഖരിച്ചിരുന്നു.
സിസിബി അറസ്റ്റു ചെയ്ത നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ബെംഗളൂരുവിലെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ അഞ്ചു കിടക്കകളുള്ള ഒരു മുറിയിലാണ് കഴിയുന്നത്. മുറിക്കു പുറത്ത് വനിതാ പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനോട് രാഗിണി നിസ്സഹകരിക്കുകയാണ്. പുറംവേദനയുടെ പേരില്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലിന് ഇരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: