തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്കാന് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കിയേക്കും. അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നത്.
നിലവില്‍ ബാറുകളിലെ പ്രത്യേക കൗണ്ടറുകള്‍ വഴിയുളള പാഴ്സലുകള്‍ മാത്രമാണ് നല്‍കുന്നത്. ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മദ്യം വില്ക്കാന് പാടുളളൂ എന്നാണ് ചട്ടം. എന്നാൽ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ക്രമീകരിക്കണം, പാഴ്സൽ മദ്യവിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാർശകളാണ് എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയത്.
എക്സൈസ് കമ്മീഷണറുടെ ശുപാർശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ൺ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബാർ തുറക്കാൻ ബാറുടമകളും അനുമതി തേടിയിരുന്നു. എക്സൈസ് വകുപ്പിന്റെ ശുപാർശയിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും. സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഞായറാഴ്ച മൂവായിരം കടന്നിരുന്നു. എന്നാല്‍ ഇന്നലെ അത് 1648ആയി.
പരിശോധനയിലെ എണ്ണത്തിലെ കുറവാണ് ഒറ്റദിവസംകൊണ്ട് രോഗികളുടെ എണ്ണം ഇത്രത്തോളം കുറയാന്‍ കാരണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ പരിശോധകളുടെ എണ്ണം കൂട്ടി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണമില്ലാതെ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: