മാഡ്രിഡ്: കൗമാരതാരം അന്‍സു ഫാറ്റി റെക്കോഡ് സ്ഥാപിച്ച മത്സരത്തില്‍ സ്പെയിന് ഉജ്ജ്വല വിജയം. നേഷന്‍സ് ലീഗില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് സ്പെയിന് ഉക്രെയ്നെ തകര്‍ത്തുവിട്ടു.
മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്കോര്‍ ചെയ്ത അന്‍സു ഫാറ്റി സ്പെയിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് (17 വര്‍ഷവും 311 ദിവസവും) സ്വന്തമാക്കി. 1925ല്‍ യുവാന്‍ എറാസ്ക്വിന് കുറിച്ച റെക്കോഡാണ് (18 വര്‍ഷവും 344 ദിവസവും) തകര്‍ന്നത്.
ബാഴ്സലോണ താരമായ ഫാറ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്പെയ്നിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയും ഈ കൗമാരതാരമാണ്. ഗോള്‍ മുഖത്തേക്ക് കുതിച്ച ഫാറ്റിയെ ബോക്സിന് അകത്ത് ഉക്രെയ്ന് പ്രതിരോധ താരം ഫൗള്‍ ചെയ്തു. ഈ ഫൗളിന് ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ രാമോസ് ഗോളാക്കി.
29-ാം മിനിറ്റിലും ഗോള്‍ നേടി സെര്‍ജിയോ രാമോസ് ഡബിള്‍ തികച്ചു. പിന്നാലെ അന്‍സു ഫാറ്റി സ്പെയ്നിന്റെ മൂന്നാം ഗോളും കുറിച്ചു. ഇടവേളയ്ക്ക് സ്പെയിന് 3-0ന് മുന്നില്‍. കളിയവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ ഫെറാന്‍ ടോറസ് സ്പെയിനിന്റെ നാലാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: