തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒരു ദിവസം മുഴുവന്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു എന്ന് എഫ്‌ഐആര്‍. സംഭവത്തില്‍ അറസ്റ്റിലായ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊല്ലം മാങ്കോട് പോങ്ങുംവിള വീട്ടില്‍ പ്രദീപിനെ (44) നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. മലപ്പുറത്ത് ഹോം നഴ്‌സായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവതി നാട്ടില്‍ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റൊരു ജോലിക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതി താമസിക്കുന്ന ഭരതന്നൂരിലെ ക്വാട്ടേഴ്‌സിലേക്ക് യുവതിയെ വിളിച്ച് വരുത്തി അവിടെ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.
സെപ്തംബര്‍ മൂന്നിന് ഉച്ചയ്‌ക്ക് ശേഷമാണ് യുവതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ ഭരതന്നൂരിലെ വീട്ടിലെത്തിയത്. അകത്തു കടന്നയുടന്‍ ക്രൂരമായി മര്‍ദിച്ചെന്നും കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വായില്‍ തുണി തിരുകി രാത്രി മുഴുവന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് വീടിനു പുറത്ത് വിട്ടതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. അവശയായ നിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. പിന്നീട് വെള്ളറട പോലീസില്‍ പരാതി നല്‍കി. സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസിന് പരാതി കൈമാറി. തുടര്‍ന്ന് പ്രദീപിനെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ പ്രതിയെ പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: