ന്യൂയോര്‍ക്ക്: ഇരുപത്തിമൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സെറീന വില്യംസും ലോക മൂന്നാം നമ്പര്‍ ഡൊമിനിക് തീമും യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
യുഎസ് ഓപ്പണില്‍ ഏഴാം കിരീടം ലക്ഷ്യമിടുന്ന സെറീന മൂന്നാം റൗണ്ടില്‍ 2017 ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ സ്ലോണ്‍ സ്റ്റീഫന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 2-6, 6-2,6-2. മത്സരം ഒരു മണിക്കൂര്‍ നാല്‍പ്പത്തിമൂന്ന് മിനിറ്റ് നീണ്ടു.
മൂന്നാം സീഡായ സെറീന പ്രീ ക്വാര്‍ട്ടറില്‍ പതിനഞ്ചാം സീഡായ മരിയ സക്കാരിയെ നേരിടും. കഴിഞ്ഞ മാസം വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണില്‍ വില്യംസിനെ അട്ടിമറിച്ച താമാണ് മരിയ സക്കാരി. അമന്ദ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സക്കാരി പ്രീ ക്വാര്‍ട്ടറിലെത്തിയത്.സ്‌കോര്‍: 6-3, 6-1.
പുരുഷ വിഭാഗത്തിലെ മൂന്നാം സീഡായ ഡൊമിനിക് തീം 2014 ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ മാരിന്‍ സിലിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-2, 6-2, 3-6, 6-3.
പതിനഞ്ചാം സീഡായ ഫെലിക്‌സ് ആഗര്‍ അലിസിയാമാണ് തീമിന്റെ അടുത്ത എതിരാളി. ക്വാറന്റെന്‍ മൗട്ടെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെലിക്‌സ് നാലാം റൗണ്ടില്‍ എത്തിയത്. സ്‌കോര്‍: 6-1,6-0,6-4.
ബള്‍ഗേറിയയുടെ സ്വറ്റാന പിരോണ്‍കോവയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മുപ്പത്തിരണ്ടുകാരിയായ പിരോണ്‍കോവ മൂന്നാം റൗണ്ടില്‍ ക്രൊയേഷ്യയുടെ പതിനെട്ടാം സീഡായ ഡോണ വേകിക്കിനെ തോല്‍പ്പിച്ചു.സ്‌കോര്‍: 6-4, 6-1. ബെലോറഷ്യയുടെ വിക്‌ടോറിയ അസരങ്ക മൂന്നാം റൗണ്ടില്‍ ഇക സിയാടെക്കിനെ 6-4,6-2 ന് കീഴടക്കി.
















