കേരളം വീണ്ടും കാപാലിക രാഷ്ട്രീയത്തിലേക്കാണോ പോകുന്നത്? സമീപകാലത്തെ കൊലപാതകങ്ങളും കൊലവിളികളും ബോംബുനിര്‍മാണങ്ങളുമെല്ലാം ഉയര്‍ത്തുന്ന ചോദ്യമാണിത്. എേപ്പാഴൊക്കെ സിപിഎം പ്രതിസന്ധിയിലാകുന്നുവോ അപ്പോഴെല്ലാം അവര്‍ ആശ്രയിക്കുന്നത് അക്രമരാഷ്ട്രീയത്തെയാണ്. അണികളെ അക്രമോത്സുകരാക്കുകയെന്നതാണ് പ്രതിസന്ധി തരണം ചെയ്യാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള അവരുടെ തന്ത്രം. ഇന്ന് കേരള ഭരണം നയിക്കുന്ന സിപിഎം പലവിധ ആരോപണങ്ങളുടെ നടുവില്‍നിന്ന് വിയര്‍ക്കുന്നു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ വിസ്മരിച്ചു. ഇടത് ഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് നാലരവര്‍ഷം മുമ്പ് ജനങ്ങള്‍ക്ക് വാക്ക് നല്കിയ സിപിഎം, പാവപ്പെട്ട ജനങ്ങളെത്തന്നെ ശരിപ്പെടുത്താനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ്. ഒന്നും ശരിയാക്കാത്ത പാര്‍ട്ടിക്കകത്ത് വന്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിയിലാകെ അമര്‍ഷം പുകയുന്നു.
കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്തെ ബോംബുനിര്‍മാണശാല, കേരളത്തെ കുരുതിക്കളമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തീര്‍ച്ച. തിരുവോണത്തിന് എത്രയോ മുമ്പുതന്നെ ഈ ശാലയില്‍ ബോംബുനിര്‍മാണം തുടങ്ങിയതാണ്. പൊന്ന്യം പുഴക്കടുത്ത് ചെങ്കല്ലുകൊണ്ട് തറയൊരുക്കി, കവുങ്ങിന് തടികളും പ്ലൈവുഡും പ്ലാസ്റ്റിക് ഷീറ്റുമെല്ലാം ഉപയോഗിച്ച് ഒരുക്കിയ സ്ഥലം ദിവസങ്ങളായി ഉപയോഗിച്ചുവരുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഉഗ്രശേഷിയുള്ള ബോംബുനിര്‍മാണത്തിനിടെ സ്ഫോടനം സംഭവിച്ചില്ലായിരുന്നെങ്കില്‍, രാഷ്ട്രീയ പ്രതിയോഗികളെ ചാമ്പലാക്കാന്‍ ശേഷിയുള്ള വലിയ തോതിലുള്ള ബോംബുനിര്‍മാണം പുരോഗമിക്കുമായിരുന്നു.കൊല്ലാനും ചാവാനും സന്നദ്ധരായ കൊടുംക്രിമിനലുകളെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഏക രാഷ്ട്രീയ കക്ഷിയായി സിപിഎം മാറിക്കഴിഞ്ഞു. അതിനെയെല്ലാം ന്യായീകരിക്കാനും സമാധാനത്തിന്റെ സന്ദേശവാഹകരെന്ന മുഖംമൂടി അണിയാനും അവര്‍ക്കുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ലതാനും.
പൊന്ന്യം പുഴ മുറിച്ചുകടന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ ബോംബുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം ഭാഗങ്ങളിലും ബോംബുകള്‍ ഇവിടെനിന്നും അയയ്ക്കുന്നതായും വിവരം ലഭിക്കുന്നു. പൊന്ന്യം സ്ഫോടനത്തില്‍ സാരമായി പരിേക്കറ്റ ഒരാള്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയാണ്. സിപിഎം വിമതനായി മത്സരിച്ച സിഒടി നസീര്‍ വധശ്രമക്കേസിലെ പ്രതിയാണ് പിടിയിലായ മറ്റൊരു പ്രതി. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. അവരെ പിടികൂടാന്‍ പോലീസിന് ഇനി കഴിഞ്ഞേക്കില്ല. അവരെ പാര്‍ട്ടി ഇതിനകം കസ്റ്റഡിയില്‍ എടുത്തുകാണും. പരിക്കേറ്റ് ചികിത്സയിലായതുകൊണ്ടു മാത്രമാണ് മൂന്നുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒടുവില്‍ പിടിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കാന്‍ എംഎല്‍എ പോലീസിനെ ഭീഷണിപ്പെടുത്തിയതും വിസ്മരിച്ചുകൂടാ.
നാദാപുരത്തും മറ്റും ബോംബുനിര്‍മാണത്തില്‍ മുസ്ലിംലീഗ് വ്യാപൃതരായതിന്റെ തെളിവുകളുണ്ട്. ലീഗുകാര്‍ ബോംബുനിര്‍മിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതാണല്ലോ. എങ്കിലും ബോംബുരാഷ്ട്രീയം മുഖമുദ്രയാക്കിയതിന്റെ ദുഷ്പേരില്‍ നിന്നും സിപിഎമ്മിന് കരകയറാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അക്രമരാഷ്ട്രീയത്തിന്റെയും ബോംബുനിര്‍മാണത്തിന്റെയും ഞെട്ടിക്കുന്ന ചരിത്രമാണ് സിപിഎം സൃഷ്ടിച്ചിട്ടുള്ളത്. വെഞ്ഞാറമൂട്ടില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വ്യാപകമായ അക്രമമാണ് സിപിഎം അഴിച്ചുവിട്ടത്. കൊലപാതകം നടന്നില്ലെങ്കിലും വ്യാപകമായ അക്രമത്തിന് പദ്ധതിയിട്ടു എന്നതിന്റെ സൂചനയാണ് കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളെ ചാപ്പ കുത്തിയത്.
കതിരൂര്‍ മനോജ് എന്ന ആര്‍എസ്എസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ഷികത്തലേന്നായിരുന്നു ഇത്. ഒന്നാം വാര്‍ഷികദിനത്തില്‍ മനോജ് വധിക്കപ്പെട്ട സ്ഥലത്ത് അഞ്ചു നായകളുടെ തലവെട്ടി കെട്ടിത്തൂക്കിയ പിശാചുക്കള്‍ ഇപ്പോഴും അവിടെ വിലസുകയാണല്ലോ. പൊന്ന്യം സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം പറയുന്നത്. ഏതെങ്കിലും സംഭവം അവര്‍ ഏറ്റെടുത്ത ചരിത്രമുണ്ടോ? എന്നാല്‍ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും മുമ്പിലുണ്ടാവുകയും പതിവാണ്. ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോഴുള്ള നിലപാടും അതിനുശേഷമുള്ള സമീപനവും കേരളം കണ്ടതാണ്. സിപിഎം ഇന്ന് ഭരണം നടത്തുകയാണ്. ഭരണവും അക്രമവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ധാരണ വേണ്ട. മനുഷ്യജീവന് വലുതാണെന്ന് അടിക്കടി പറയുന്ന മുഖ്യമന്ത്രി മനുഷ്യക്കുരുതിക്കുള്ള തയാറെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിക്കണം. ഇല്ലെങ്കില്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: