തലശ്ശേരി: തുല്യനീതിയും സാമൂഹികപരിരക്ഷയും ഉറപ്പുവരുത്തുമെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്ത തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ ക്രിമിനലുകളെയും കൊലയാളികളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിനും കൊലപാതകത്തിനും മുതിരുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് മുന്‍കാലങ്ങളിലും എംഎല്‍എ സ്വീകരിച്ചിട്ടുള്ളത്. അശ്വന്തിനെയും ബോംബ് സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവരെയും ചോദ്യം ചെയ്താല്‍ ആരാണ് ബോംബു നിര്‍മ്മാണത്തിന് നേതൃതം കൊടുത്തതെന്ന് വ്യക്തമാകും. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കണ്ണൂരിന് ശാശ്വത സമാധാനം കിട്ടുന്നതിനു വേണ്ടിയുള്ള നിയമനടപടി സ്വീകരിക്കണം.
കതിരൂര്‍ പൊന്ന്യത്ത് ചൂളയില്‍ നടന്ന ബോംബ് സ്‌ഫോടനം ദിവസങ്ങളായി നടന്നുവരുന്ന നിര്‍മാണത്തിന്റെ ഭാഗമായാണ്. കതിരൂര്‍ ഭാഗത്ത് ഇങ്ങനെ ഒരു നിര്‍മ്മാണം നടക്കുന്നുണ്ടെന്നു ബിജെപി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഇതിനു മുന്‍പ് ഇവിടെ നിര്‍മ്മിച്ച ബോംബുകളാണ് പ്രതിയായ അശ്വന്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇവിടെ നിന്ന് ഉണ്ടാക്കിയ ബോംബുകള്‍ കോഴിക്കോട് ജില്ലയുടെയും, മാഹിയുടെയും, കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ആസൂത്രിതമായ ആക്രമണത്തിന് സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി എത്തിച്ചുകൊടുത്തിട്ടുണ്ട്. അശ്വന്തിനെ അറസ്റ്റ് ചെയ്ത് ബോംബ് പിടിച്ചെടുത്തപ്പോള്‍ ഷംസീര്‍ പ്രതിയുടെ സംരക്ഷണത്തിനും കേസില്‍ നിന്ന് പ്രതിയെ ഒഴിവാക്കുന്നതിനും വേണ്ടി കതിരൂര്‍ പൊലീസിലെ ഉന്നത ഉേദ്യാഗസ്ഥരെ വിളിച്ചു ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വഹണം തടസ്സപെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ അശ്വന്തിനെയും മറ്റു കൂട്ടുപ്രതികളെയും അന്നും സംരക്ഷിച്ചത് ഇതേ എംഎല്‍എ ആണ്. ആക്രമണത്തിനു വിധേയനായ സിപിഎം മുന്‍ ഏരിയാകമ്മറ്റി അംഗവും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലം വിമതസ്ഥാനാര്‍ത്ഥിയുമായ സിഒടി നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എംഎല്‍എയുടെ പങ്കിനെ പറ്റിയും എംഎല്‍എയുടെ വാഹനത്തിലാണ് കൊലയാളി സംഘം വന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരോട് നസീര്‍ തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭരണപരമായ സ്വാധീനമുപയോഗിച്ച് പോലീസ് എംഎല്‍എയെ സംരക്ഷിക്കുന്ന സമീപനമാണ് അന്ന് സ്വീകരിച്ചതെന്നും ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: