കാസര്‍കോട്: ദൈവത്തിന്റെ പ്രതിപുരുഷനെന്ന് കരുതുന്ന ക്ഷേത്ര ആചാരസ്ഥാനികന്‍ ആചാരവേഷത്തില്‍ സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. മുകയ സമുദായ ക്ഷേത്ര സ്ഥാനികന് കാസര്‍കോട് കൊളവയല്‍ കാറ്റാടി സ്വദേശി അമ്പു കൊക്കോട്ട് സിപിഎം നടത്തിയ കേന്ദ്ര വിരുദ്ധ സമരത്തില്‍ ആചാരവേഷത്തില്‍ പങ്കെടുത്തതാണ് സമുദായാംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.
മംഗളൂരു മുതല്‍ ചെറുവത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന സമുദായത്തിന്റെ ആചാരസ്ഥാനികനാണ് അമ്പു കൊക്കോട്ട്. സമുദായത്തിന്റെ പ്രധാന ആസ്ഥാനം ചെറുവത്തൂര്‍ കാടാങ്കോട്ടാണ്. ഇദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു.
ദൈവത്തിന്റെ പ്രതിപുരുഷനായി കണക്കാക്കപ്പെടുന്ന ആചാരസ്ഥാനികന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത് ആചാരലംഘനമാണെന്ന് സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ സിഐടിയു നേതാവിന്റെ അടുത്ത ബന്ധു കൂടിയാണ് സ്ഥാനികന്. സംഭവം സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ ക്ഷേത്രത്തിലെ മറ്റു സ്ഥാനികരും നടപടിയെ ഗൗരവമായാണ് കാണുന്നത്.
പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് തറവാട്ടില്‍ നടന്ന ഒരു പ്രധാന ചടങ്ങില്‍ നിന്ന് ഈ ആചാരസ്ഥാനികനെ കഴിഞ്ഞ ദിവസം മാറ്റി നിര്‍ത്തിയതായി സമുദായാഗംങ്ങള്‍ പറയുന്നു. ഉടന്‍ തന്നെ സമുദായാംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള നീക്കവുമുണ്ട്. അതിനിടെ സ്ഥാനികന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു സമുദായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. ഗള്‍ഫിലുള്ള യുവാവാണ് ആചാരസ്ഥാനികനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ഗ്രൂപ്പില്‍ നിന്ന് യുവാവിനെ പുറത്താക്കിയതും പുതിയ വിവാദത്തിന് തിരികൊളുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: