തിരുവനന്തപുരം: മക്കള്‍ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം. നേതാക്കളോ അവരുടെ മക്കളോ കുടുംബാംഗങ്ങളോ സ്വത്ത് സമ്പാദനത്തില്‍ ഏര്‍പ്പെടരുതെന്നും അങ്ങനെ ഉണ്ടായാല്‍ സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുമെന്നുമുള്ള സിപിഎം പാലക്കാട് പ്ലീനത്തിലെ മാര്‍ഗ്ഗ രേഖകള്‍ നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്തപ്പോള്‍ ജലരേഖയായി.
ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് പാര്‍ട്ടിക്ക് ഉണ്ടാക്കി വയ്ക്കുന്ന കുഴപ്പങ്ങള്‍ ശമനമില്ലാതെ തുടരുന്നു. മൂത്ത മകന് ബിനോയ് കോടിയേരി ദുബായ്യില് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായി. കൂടാതെ ബിഹാറി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ചതിന് മുംബൈയില്‍ പീഡനക്കേസില്‍പെട്ടു. കോടിയേരി അന്ന് പറഞ്ഞത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള കോടിയേരിയുടെ പരിശ്രമം സഖാക്കള്‍ക്കിടയില്‍ പാട്ടായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ മകന് ബിനീഷ് കോടിയേരി ലഹരി ക്കടത്ത് കേസിലും സാമ്പത്തിക ഇടപാടുകളിലും ആരോപണ വിധേയന്. പോള്‍ മുത്തൂറ്റ് വധക്കേസ് ഉള്‍പ്പെടെ ഇതിനു മുമ്പും ബിനീഷിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണ സ്വാധീനത്താല്‍ എല്ലാം കണ്ണടച്ചു. ഇപ്പോഴും കോടിയേരി പറയുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന്. സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ട ഗുരുതര കുറ്റകൃത്യങ്ങള്‍ കുടുംബത്തില്‍ അടിക്കടി ഉണ്ടായിട്ടും ഇത് സംബന്ധിച്ച് മൗനം.
ഈ വിഭാഗത്തില്‍പ്പെട്ട് ഉഴലുന്ന പിണറായി കൂട്ടിനുള്ളപ്പോള്‍ പ്ലീനത്തിലെ മാര്‍ഗ്ഗ രേഖ കോടിയേരിക്ക് ബാധകമല്ല. പിണറായിയുടെ മകള്‍ വീണയുടെ ബെംഗളൂരുവിലുള്ള ഐടി കമ്പനി സാമ്പത്തികമായി തകര്‍ന്നപ്പോള്‍ കരകയറ്റിയത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. കൂടാതെ സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ വീണയുടെ കമ്പനിയുടെ പങ്കാളിത്തത്തെ സംബന്ധിച്ചും വിവാദം ഉയര്‍ന്നു. പാര്‍ട്ടി മാര്‍ഗ്ഗ രേഖയ്ക്ക് വിരുദ്ധമാണെങ്കിലും മുഖ്യമന്ത്രി ആയതിനാല്‍ പിണറായിക്ക് ബാധകമല്ല. ഒരു സാധാരണ പ്രവര്ത്തകന് പിരിവ് തുക കൈവശപ്പെടുത്തിയാല്‍ അച്ചടക്ക നടപടിക്ക് വിധേയമായി പുറത്താക്കുന്ന പാര്‍ട്ടിയിലാണ് യാതൊരു നടപടിക്കും വിധേയമാകാതെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന ഒഴുക്കന്‍ മറുപടിയുമായി സെക്രട്ടറിയും മുഖ്യമന്ത്രിയും തടി തപ്പുന്നത്.
പിണറായി കോടിയേരി മക്കള്‍ വിവാദത്തിലെ ഇളവില്‍ രക്ഷപ്പെടുന്ന നിരവധി നേതാക്കളും പാര്‍ട്ടിയിലുണ്ട്. മന്ത്രി ഇ.പി.ജയരാജന്, ആനത്തലവട്ടം ആനന്ദന്, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ മക്കളുടെ ജോലി സംബന്ധിച്ച വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടികള്‍ക്ക് വിധേയമാകേണ്ടി വന്നില്ല. യുവജന പാര്‍ട്ടിയിലെ വനിതാ നേതാവ്, പി.കെ. ശശി എംഎല്‍എയെ കുറിച്ച് നല്കിയ പരാതിയില്‍ അധികം പരിക്കുകള്‍ ഇല്ലാതെ എംഎല്‍എ രക്ഷപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള സ്പീക്കര്‍ ശ്രീരാമകൃഷണന്റെ ചങ്ങാത്തം, യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ അവിഹിത ഇടപെടല്‍ ഇതൊന്നും കോടിയേരിയുടെയും പിണറായിയുടെയും മക്കള്‍ വാത്സല്യത്താല്‍ ചര്‍ച്ച ചെയ്യേണ്ടി വന്നില്ല.
തെഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതിനാല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും സാധ്യമല്ല. അഥവാ മാറ്റിനിര്‍ത്തിയാല്‍ കുറ്റം സമ്മതിച്ചതായി കരുതേണ്ടതായും വരും. അതിനാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: