കൊല്ലം: ആറന്മുളയില് കൊറോണ രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ആരോഗ്യവകുപ്പിന്റെ ഭാഗത്തു വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. വിഷയത്തില്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ രോഗിയായ യുവതിയെ അര്‍ദ്ധരാത്രിയാണ് ചികിത്സയ്ക്കായി ആംബുലന്‍സ് എത്തി കൊണ്ടുപോകുന്നത്. അതും കൊറോണ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി. രോഗികള്‍ക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമായിട്ട് പോലും ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.
ആരോഗ്യവകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. വൈകുന്നേരം കണക്കുകള്‍ പുറത്തുവിടുന്നതല്ലാതെ കൊറോണ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേരളം ഇപ്പോള്‍ മയക്കു മരുന്ന് മാഫിയകളുടെ സുരക്ഷിത സ്ഥാനമായി മാറിക്കഴിഞ്ഞു. ആറ്റിങ്ങലില്‍ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിന്റെ ഉദ്ദാഹരണമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടകയില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: