ഇടുക്കി: കണ്‍മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്നത് കണ്ട് നോക്കി നില്‍ക്കേണ്ടി വന്ന ഒരു കൂട്ടം ജനതയാണ് പെട്ടിമുടിയിലേത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ മനസിലെ ഉണങ്ങാത്ത മുറിവായി അവിടുത്തെ കാഴ്ചകള്‍ ഇന്നും അവശേഷിക്കുന്നു.
അപകടം നടന്ന് ഒരുമാസം പിന്നിടുമ്പോഴും രക്ഷപ്പെട്ട 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും ജലരേഖയാണ്. കമ്പനി ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുമ്പോള്‍ കൈമാറിയെന്ന് പറയുന്ന താമസ സ്ഥലം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജന്മഭൂമിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.
വീടുകള്‍ കൊടുക്കാതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ആളുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം വലിയ പ്രശ്‌നമുണ്ടാക്കുമെന്നും എല്ലാവരും ദുരന്തം നേരില്‍ കണ്ടവരാണെന്നും മാനസിക ബുദ്ധിമുട്ട് വളരെ വലുതാണെന്നും വിലയിരുത്തലുണ്ട്. കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികള്‍ക്കാണ് വീടുകള്‍ കിട്ടിയത്.
എല്ലാവര്‍ക്കും വീട് കിട്ടിയിട്ടില്ലെന്ന് സ്ഥലം എംഎല്‍എ എസ്. രാജേന്ദ്രനും പറയുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വീട് കിട്ടാനുള്ള സാധ്യതയും ഇതോടെ മങ്ങുകയാണ്. എല്ലാവര്‍ക്കും വീട് കൊടുത്തതായി പറയുമ്പോഴും പലര്‍ക്കും വീട് കിട്ടിയിട്ടില്ല. ആദ്യം യോഗത്തിന് പങ്കെടുത്ത കമ്പനി പിന്നീട് യോഗങ്ങളില്‍ വന്നിട്ടില്ല. കളക്ടര്‍ അവസാനം വിളിച്ച യോഗത്തിലും കമ്പനി പ്രതിനിധികള്‍ എത്തിയിട്ടില്ല. നാല് കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വീട് വെച്ച് നല്‍കാമെന്ന് ജില്ലാ ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ ഇതിന് തയ്യാറായിട്ടില്ല. സ്വന്തമായി വീടില്ലാത്തതും സ്ഥലമില്ലാത്തതുമാണ് തൊഴിലാളികളേയും അവരുടേയും കുടുംബത്തെ ബാധിക്കുന്നത്. ജോലി നല്‍കിയ കമ്പനി തന്നെയാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും വീട് നിര്‍മ്മിക്കാന്‍ വേണ്ട സഹായവും ചെയ്ത് നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. മൂന്ന് മുതല്‍ നാല് കുടുംബം വരെയാണ് ഇപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഗര്‍ഭിണികളും വയോധികരുമുണ്ട്. വിട്ടുനല്‍കിയ സ്ഥലത്ത് അറ്റുകുറ്റപണി നടക്കുകയാണ് ഇതിനാലാണ് ഇവിടേക്ക് മാറ്റിപാര്‍പ്പിക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇവിടെ നിന്ന് മാറ്റുന്നവര്‍ക്ക് അതാത് സ്ഥലത്ത് പണി നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: