മേപ്പാടി: സൗത്ത് വയനാട് ഡിവിഷന്, മേപ്പാടി റെയ്ഞ്ച് പരിധിയില്‍ വരുന്ന വിത്ത്കാട് ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസ്സിലെ പ്രതികള്‍ വനം വകുപ്പിന്റെ പിടിയിലായി. വയനാട് ചൂരല്‍മല സ്വദേശിയായ അനൂപ് (24), മുക്കില്‍ പീടിക സ്വദേശിയായ പി.കെ. മുഹമ്മദ് ഷഫീഖ് (25) എന്നിവരാണ് പിടിയിലായത്.
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് അയല്‍ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. കേസ്സില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബാക്കിയുളളവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബുരാജ് അറിയിച്ചു.
പിടിയിലായ പ്രതികള്‍ക്കെതിരെ സമാന കേസ്സുകളും കൂടാതെ കഞ്ചാവ് വില്‍പ്പന നടത്തിയതിനും കൈവശം വെച്ചതിനും പോലീസിലും എക്സൈസിലും കേസ്സുകളുണ്ട്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാന സംഘാംഗമാണ് പിടിയിലായ അനൂപ്. സംസ്ഥാനാന്തര പാതകളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസ്സുകളിലും പ്രതിയാണിയാള്‍. കൊറോണ പ്രതിസന്ധി രൂക്ഷമായിത്തുടരുന്ന ഈ സമയത്തും ഇത്തരത്തിലുളള കുറ്റ കൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രജ്ഞിത്കുമാര്‍ അറിയിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.സി. ഉഷാദ്, കെ.ആര്. വിജയാനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജീഷ്.പിഎസ്, ബിബിന്‍, എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: