ചോഴ ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രസിദ്ധനും കലിംഗം മുതല്‍ ശ്രീലങ്ക വരെയുള്ള ഭൂഭാഗങ്ങളുടെ അധിപനുമായിരുന്ന അരുള്‍മൊഴി വര്മന് എന്ന രാജരാജചോഴന് 11-ാം നൂറ്റാണ്ടിലാണ് ബൃഹദീശ്വരക്ഷേത്രം നിര്‍മ്മിച്ചത്. പെരുവുടയര്‍ കോവില്‍ എന്നായിരുന്നു ആദ്യനാമം.
80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത വിമാനം (കലശം) 216 അടി ഉയരമുള്ള ശ്രീകോവിലിനെ അലങ്കരിക്കുന്നു. ക്ഷേത്രത്തില്‍നിന്നും ഏഴ് മൈല്‍ അകലെയുള്ള സാരപ്പള്ളത്തുനിന്ന് മണല്‍ ഉപയോഗിച്ച് ചരിവുണ്ടാക്കി മനുഷ്യഗജ പ്രയത്നം മൂലമാണ് 80 ടണ്‍ ഭാരമുള്ള ശില ശ്രീകോവിലിനു മുകളില്‍ സ്ഥാപിച്ചതെന്നും, അതല്ല സിദ്ധ പരമ്പരയുടെ സഹായത്താല്‍ സൗണ്ട് ഫ്രിക്വന്‍സി മാജിക് ഉപയോഗിച്ചാണെന്നും വാദങ്ങള്‍ നിലനില്ക്കുന്നു.
16 അടി നീളവും 13 അടി ഉയരവുമുള്ള ഒറ്റക്കാല് നന്ദി വിഗ്രഹം പ്രത്യേകതയാണ്. ശിവലിംഗ പീഠത്തിന് ആറ് അടി ഉയരവും 55 അടി ചുറ്റളവുമുണ്ട്. അതിനു മുകളില്‍ 13 അടിയാണ് ശിവലിംഗത്തിന്റെ ഉയരം. 36 പരിവാരമൂര്‍ത്തികളുണ്ട്. ഗര്ഭഗൃഹത്തില് സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് എന്നതും പ്രത്യേകത.
ചുറ്റുമതിലില്‍ 1008 നന്ദി വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിവു രീതി വിട്ട് നമസ്കാര മണ്ഡപത്തില്‍ പ്രതിഷ്ഠിക്കാതെ 247 അടി അകലെ നന്ദിക്കായി മണ്ഡപം തന്നെ സ്ഥാപിച്ചു. ഇന്നുകാണുന്ന വലിയനന്ദി നായ്ക് രാജവംശം സ്ഥാപിച്ചതാണ്. പഴയ നന്ദി വാരാഹിക്ഷേത്രത്തിനു സമീപം പ്രതിഷ്ഠിച്ചു. ശരഭോജി രാജാക്കന്മാരുടെ കാലത്താണ് ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചത്. അക്കാലത്താണ് ബൃഹദീശ്വരം എന്ന പേര് പ്രചാരത്തില്‍ വന്നത്. നാട്യകലയും നാടകകലയും ചിത്രകലയും പോഷിപ്പിച്ച രാജരാജ ചോഴന്‍ 400 നര്‍ത്തകിമാരെയും 100 ഗായകരെയും തേവാരം പാടാന്‍ മാത്രം 48 ആളുകളെയും നിയമിച്ചു. ഭരതനാട്യത്തിന്റെ 108 പ്രകരണങ്ങള്‍ ശില്‍പ്പങ്ങളാക്കി കൊത്തിവച്ചു. അഞ്ച് കൂറ്റന്‍ ക്ഷേത്രരഥങ്ങള്‍ ഉണ്ടാക്കി.
ക്ഷേത്രനിര്‍മാണത്തിന് ധനസഹായം നല്കിയ മുഴുവന്‍ ആളുകളുടെയും പേരിനൊപ്പം ധനമില്ലാത്തതിനാല്‍ ശില്‍പ്പികള്‍ക്ക് നിത്യവും മോര് നല്കിയ ‘അഴകി’ എന്ന സാധുവിന്റെ പേരും ചുമരില്‍ കൊത്തിവച്ചിട്ടുണ്ട്.
കുഞ്ചരമല്ലന് എന്ന സ്ഥപതിയുടെ മേല്‍നോട്ടത്തില്‍ 600 ശില്‍പ്പികള്‍ പതിനായിരക്കണക്കിന് പണിക്കാര് 3000 ആനകള്‍ എന്നിവ നിര്‍മാണത്തില്‍ പങ്കാളികളായി. ഗുരുവായ കാവിരിക്കരൈ കരുവുരാര്‍ സിന്ധരുടെ ആജ്ഞാനുസരണമാണ് രാജരാജന് ക്ഷേത്രനിര്‍മാണം നടത്തിയത്.
സംസ്കൃതത്തിലും തമിഴിലുമുള്ള ചുമരെഴുത്തുകള്‍ നിറഞ്ഞ ക്ഷേത്രം ദ്രാവിഡ ശില്പ്പകലയുടെ കേദാരമാണ്. ക്ഷേത്രത്തിനു ചുറ്റും കിടങ്ങ്, ക്ഷേത്രമതിലിനുള്ളില്‍ ആയുധപ്പുര, ഖജനാവ്, ഠാണാവ് മുതലായവയോടു കൂടിയാണ് സമുച്ചയം നിര്‍മിച്ചത്.
മതിലിനു ചേര്‍ന്ന് അഞ്ച് നിലയുള്ള കേരളാന്തകന്‍ തിരുവാതില്‍ പണിതു. ചേരരാജാവ് ഭാസ്കര രവിവര്മനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ഈ ഗോപുരം. അടുത്ത ഗോപുരം മൂന്ന് നിലയുള്ള രാജരാജന് തിരുവാതില്‍. രണ്ടു വാതിലും കടന്നാല്‍ വിശാലമായ തിരുമുറ്റം. നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, അര്‍ധമണ്ഡപം, ശ്രീകോവില്‍ എന്ന ക്രമത്തിലാണ് നിര്‍മാണം.
സുന്ദരചോഴന്റെയും മഹാദേവിയുടെയും പുത്രനായി ജനിച്ച രാജരാജചോഴന് പുത്ര ഭാഗ്യത്തിനുവേണ്ടിയാണ് പെരിയകോവില്‍നിര്‍മിച്ചതെന്നാണ് ചരിത്രം. ഭൂകമ്പ പ്രതിരോധ ഉപാധിയോടെ നിര്‍മിച്ചിരിക്കുന്ന പെരിയകോവില്‍ ആറ് വന്‍ ഭൂചലനങ്ങളെ അതിജീവിച്ചിട്ടുണ്ട്. രാജരാജന്റെ സ്വന്തം ദേവനെന്ന നിലയില്‍ രാജരാജേശ്വരന് എന്നും ദേവന് വിളിക്കപ്പെടുന്നു.
രണ്ടരലക്ഷം ടണ്‍ കരിങ്കല്ല് 60 കിലോ മീറ്ററിലധികം ദൂരെനിന്നു കൊണ്ടുവന്ന് നിര്‍മിച്ച ക്ഷേത്രത്തില്‍ ദക്ഷിണമേരു വിടംഗന്‍ എന്നു വിളിക്കപ്പെടുന്ന മഹാദേവനെയാണ് പ്രധാന ദേവതയായി ആരാധിക്കുന്നത്. ശിവന്റെ അഞ്ച് ഭാവങ്ങള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
ആര്. ആര്. ജയറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: