കഥയില്‍ രാജകുമാരനും രാജകുമാരിയും സസുഖം ജീവിച്ചുകൊണ്ടേയിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ ഒരു രാജകുമാരിയുടെ കഥ ഞാന്‍ പറയട്ടെ?
അവളും കഥകളിലെ രാജകുമാരിയെപോലെ സുന്ദരിയായിരുന്നു സൗമ്യയായിരുന്നു. കാഴ്ചക്കാരുടെ കണ്ണും മനവും കുളിര്‍പ്പിച്ച് പരിചയക്കാരോടെല്ലാം കുശലം അന്വേഷിച്ച് ചുറ്റും പ്രസരിപ്പിന്റെ പ്രകാശം പരത്തി അവള് പാറി നടന്നു. ആഹ്ലാദാരവങ്ങളുടെ കോളേജ് നാളുകള്‍. കോളജ് കുമാരന്മാരുടെ മനസിലവളൊരു സ്വപ്
ന സുന്ദര തരംഗമായി. ഒരുനാള്‍ അവള് വീട്ടിലേക്കു ബസ്സില്‍ മടങ്ങുകയായിരുന്നു. പതിവില്ലാതെ ഇരുന്നായിരുന്നു യാത്ര. അതുകൊണ്ടുതന്നെ കേട്ടുമറന്ന ഏതോ കഥയിലെ വരികള്‍ തേടി ബസ്സിനേക്കാള്‍ വേഗം അവള് തന്റെ സ്ഥിരം സ്വപ്നസഞ്ചാരവും നടത്തി.
”… ണിം ..ണിം …ഗാന്ധിനഗര്‍ …ഗാന്ധിനഗര്‍”
അവള് തിടുക്കത്തില്‍ ബസ്സില്‍ നിന്നു ചാടിയിറങ്ങിയത് നിരത്തിലെ ഒരു ഗര്‍ത്തത്തിലേക്കായിരുന്നു. വീണുപോയ അവളുടെ നേരെ സഹായഹസ്തുവമായി ഒരു സൗമ്യ സുന്ദരന്‍.
തികച്ചും യാദ്രുശ്ചികം എന്ന് അവള്ക്കുതൊന്നിയ അയാളുടെ ആ രംഗപ്രവേശം തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പ്രണയത്തിരകളുതിര്ത്തത് ഒരുള്‍ക്കുളിരോടെ അവള് തിരിച്ചറിഞ്ഞു. അത്യാകര്‍ഷകങ്ങളായ ആ കണ്ണുകള്‍ പറയാതെ പറഞ്ഞു ”നിന്നെ ഞാന്‍ കൈപിടിച്ചുയര്‍ത്തിയത് എന്റെ ജീവനോട് എന്നെന്നും ചേര്‍ത്തു നിര്‍ത്താനാണ്…”
പിന്നീടങ്ങോട്ട് പ്രണയാതുരതയുടെ നീണ്ട രാവുകള്‍ പകലുകള്‍ വര്‍ണപ്പൊലിമയുടെ ഘോഷയാത്രയായി വന്നുപോയ്ക്കൊണ്ടേയിരുന്നു. അതിലൊരുനാള്‍ കല്യാണമേളവും.
അവരെ ഒരുമിച്ചു കണ്ടവരെല്ലാം ആ ജോഡിയുടെ ചേര്‍ച്ചയില്‍ അസൂയപ്പെട്ടു.
”ഭാവനക്ക് ചേര്‍ന്ന സുന്ദരന്‍ തന്നെ മഹേഷ്”
അവര്‍ തങ്ങളുടെ സ്വപ്നക്കൊട്ടാരത്തില്‍ കഥകളെ വെല്ലുന്ന ജീവിതവും തുടങ്ങി.
ഏതോ ഒരു കൊട്ടാരത്തില്‍ രാജപ്രൗഡിയുടെ ഒരു സിംഹാസനത്തില്‍ രാജകുമാരനോടു ചേര്‍ന്നമര്‍ന്ന് അതീവ സന്തോഷവതിയായി കാണപ്പെട്ട അവളുടെ മനോഹര രൂപം കണ്കുളിര്ക്കുന്ന കാഴ്ചയായി എന്നില്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു. കാരണം ഞാനവളുടെ പ്രിയസഖി ആയിരുന്നല്ലോ.
സ്വപ്നതുല്യമായിരുന്ന ആ ജീവിതം വീണ്ടും ആഹ്ലാദത്തിമിര്പ്പിന്റെ കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് അവരുടെ പൊന്നോമനയും പിറന്നു.
ഹിമകണങ്ങള്‍പോലെ മൃദുവായ ദേഹം. റോസാപ്പൂവിനെ വെല്ലുന്ന കവിളുകള്‍. ആരുടേയും മനം കവരുന്ന കുഞ്ഞുസുന്ദരരൂപം.
നക്ഷത്രത്തിളക്കമാര്‍ന്ന കണ്ണുകളുള്ള ആ കുഞ്ഞുസുന്ദരിക്ക് അവര്‍ നക്ഷത്ര എന്ന് പേരിട്ടു.
ആ കുഞ്ഞുമുഖത്തേക്കു നോക്കിനോക്കിയിരിക്കെ സന്തോഷാധിക്യത്താല്‍ അവള് കരഞ്ഞുപോയി. വിതുമ്പികൊണ്ട് അവള് പറഞ്ഞു
”…എന്റെ നക്ഷത്ര പൊന്മകളെ
നീയെന്റെ ജന്മജന്മാന്തര പുണ്യം!
നിന്നെ കണ്‍കുളിര്‍ക്കെ കാണ്‍കെ എന്റെ ഹൃദയതന്ത്രികള്‍ സന്തോഷാധിക്യത്താല്‍ ത്രസിക്കുന്നു, ഉന്മാദത്തിലാറാടുന്നു നീയെന്റെ ജീവന്റെ ഭാഗമല്ല, എന്റ ജീവന് നീയാണെന്നു ഞാന്‍ തിരിച്ചറിയുന്നു. എന്നില്‍നിന്നും അഭേദ്യമായ എന്റെ ജീവന്.
എന്റെ പൊന്നോമനക്കുഞ്ഞേ നിന്നിലൂടെ ഞാന്‍ മാതൃത്വം എന്ന അനിര്‍വ്വചനീയ ഭാവത്തെ ഹൃദയത്തിന്റെ അത്യഗാധങ്ങളില്‍നിന്നും രൂപംകൊണ്ട രണ്ടുകൈകളാലും ചേര്‍ത്തുപുല്‍കുന്നു.
ഇതെന്തു മന്ത്രജാലമാണ്, മായാജാലമാണോമനേ സൃഷ്ടാവ് നിന്നില്‍ നിറച്ചിരിക്കുന്നത്. ഞൊടിയിടയില്‍ നീയെന്റെ, ഞങ്ങളുടെ മനസ്സും ഹൃദയവും സര്‍വസ്വവും കവര്ന്നെടുക്കുവാന്?”
നറുനിലാവുപോല്‍ ആ പിഞ്ചോമന പുഞ്ചിരിച്ചു. ആ ചിരിയില്‍ പുളകിതമായ തരളിതമായ മാതൃത്വം വീണ്ടും വീണ്ടും ആനന്ദാശ്രുക്കള്‍ പൊഴിച്ചു. നെഞ്ചുകള്‍ അവളറിയാതെ പാല് ചുരത്തി. ജന്മജന്മാന്തരങ്ങളായി അനന്തകോടി അമ്മമനസ്സുകള്‍ പുല്കിയ ആ ആനന്ദനിര്‍വൃതി എത്ര അനിര്‍വചനീയം എന്ന് അവള് തിരിച്ചറിഞ്ഞു. വാത്സല്യത്താല്‍ നിറഞ്ഞൊഴുകിയ അമ്മിഞ്ഞപ്പാല് അവളെ കുടിപ്പിക്കുവാനമ്മ വ്യഗ്രത പൂണ്ടു. അതൊരു നിറക്കാഴ്ചയായി അയാളുടെ മനസ്സിലും കരളിലും പതിഞ്ഞുകൊണ്ടേയിരുന്നു.
ഒരുനാള്‍ കരച്ചില് തുടങ്ങിയ കുഞ്ഞ് ശ്വാസനിശ്വാസം ചെയ്യാനാകാതെ കഷ്ടപ്പെട്ട് കരച്ചില് തുടര്‍ന്നു. നിര്‍ത്താത്ത കരച്ചിലുകള്‍ തുടര്‍കഥയായി. പുതിയ മുഖങ്ങള്‍ പുതിയ ശബ്ദങ്ങള്‍. എല്ലാം കുഞ്ഞിന് അരോചകമായി. ഹൃദയത്തില്‍ വെള്ളിടി വീഴ്ത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ കല്പ്പിച്ചു. കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാറാണ്. കുറച്ചു വല്യ പ്രശ്നം തന്നെ. ഞെട്ടിത്തരിച്ചുപോയ അവര്‍ തങ്ങളുടെ ചില്ലുകൊട്ടാരം ചിന്നിച്ചിതറി നിലം പതിക്കുന്നതറിഞ്ഞു.
ഇനി എന്ത്?
ചിതറിവീണ ചില്ലുകഷണങ്ങള്‍ ജീവിതപ്പാതയില്‍ നീട്ടിയെറിയപ്പെട്ടിരിക്കുന്നതവളറിഞ്ഞു.
നീണ്ട പത്തുവര്ഷങ്ങളില് കുഞ്ഞുനക്ഷത്ര ഒരു സുന്ദരിക്കുട്ടിയായി വളര്‍ന്നുവന്നു. വയ്യായ്മകള്‍ക്കും ശുശ്രുഷകള്ക്കിടയിലും ഹൃദയം നിറയെ സ്നേഹം കരുതിവച്ച അവള് അച്ഛനമ്മമാരെ വല്യ വല്യ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അത്ഭുതപ്പെടുത്തി.
വല്യ ഉപദേശങ്ങളും നല്‍കിത്തുടങ്ങി.
ആ കുഞ്ഞുഹൃദയത്തില്‍ ഇത്രയേറെ അറിവ് നിറച്ചവന് ആ ഹൃദയത്തിനൊരു പൂര്‍ണത കൊടുക്കുവാന്‍ മടിച്ചതെന്തേ?
ഒരവധിക്കാലത്ത് നിന്നെ തേടി നിന്റെ വീട്ടില്‍ എത്തിയ ഞാന്‍ ആ മനോഹര ഭവനം വിറ്റുപോയി എന്നറിഞ്ഞു. നിറഞ്ഞുപൊങ്ങിയ വിങ്ങല്‍ ഉള്ളിലൊതുക്കി നിന്റെ വാടകവീട് തേടിയെത്തിയ എന്നോട് അന്ന് നീ പറഞ്ഞ ആ കരളലിയിക്കുന്ന കഥ കേട്ട ആ ദുഃഖകടലിലേക്ക് ആഴ്ന്നുപൂണ്ടു വീണുപോയി. നിന്റെ കണ്ണുകളെ നേരിടാനാവാതെ നിറഞ്ഞ കണ്ണുകളുമായി ഞാന്‍ തലതാഴ്ത്തിയിരുന്നു. തുടര്‍ന്നു കേള്‍ക്കുവാന്‍ അശക്തയായിരുന്ന എന്റെ കാതുകളില്‍ കഥയുടെ തുടര്‍ച്ച ഇങ്ങനെ മാറ്റൊലികൊണ്ടു. ”..പിന്നീടങ്ങോട്ട് കൗണ്‍സിലിങ്ങുകളും ഒരുപാടു സങ്കടക്കടലുകളും താണ്ടി ധൈര്യം സ്വരുക്കൂട്ടി ഞങ്ങള്‍ ആ യാഥാര്‍ഥ്യവുമായി മുഖാമുഖം സന്ധിച്ചു.നക്ഷത്രയുടെ ഹൃദയ ശസ്ത്രക്രിയ…നാള് നിശ്ചയിക്കപ്പെട്ടു, തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അവളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് കൊച്ചുകൊച്ചു വല്യ കഥകള്‍ പറഞ്ഞും, അവള് കാണാതെ കണ്ണീര്പുഴകളൊഴുക്കിയും രാവുകള്‍ പകലുകള്‍ തള്ളിനീക്കി. ആ ദിവസം വന്നെത്തി. കുഞ്ഞുനക്ഷത്രയെ തയ്യാറെടുപ്പിനായി രാവിലെ തന്നെ അഡ്മിറ്റ് ചെയ്തു. കുറച്ചുദിവസം കൂടി കഴിഞ്ഞാല്‍ നമ്മള് മൂന്നുപേരും വീട്ടിലേക്കു മടങ്ങും എന്ന ഉറപ്പിന്മേല് അവള് മനസ്സില്ലാമനസോടെ സ്ട്രെച്ചറില്‍ യാത്രയായി. വൈകുന്നേരമായപ്പോള്‍ നഴ്സ് വന്നു വിളിച്ചു. ഓപ്പറേഷന് തീയേറ്ററിലേക്ക് മോളെ കൊണ്ടുപോവുകയാണ്. അവള് അമ്മയെ കാണണമെന്നു ശാഠ്യം പിടിക്കുന്നു. ഞാന്‍ തിടുക്കത്തോടെ അവളുടെ അടുത്തേക്കോടി.. ആത്മാവിനോട് ചേര്‍ത്തു പിടിച്ച നീണ്ട ആലിംഗനത്തില്‍ ആശ്വാസ വചനങ്ങളില്‍ അവള് പുഞ്ചിരി തൂകി. കണ്ണുനീര് മറച്ചുവച്ച് ഞാന്‍ പറഞ്ഞ കൊച്ചു കൊച്ചു കഥകള്‍ അവളെ ചിരിപ്പിച്ചു. സമയമായി എന്ന ഡോക്ടറുടെ അറിയിപ്പ് വന്നു. എന്നെ ചേര്‍ത്തു പുണര്‍ന്നിരുന്ന പൊന്നോമനയുടെ കൈകള്‍ വൈമനസ്യത്തോടെ വിടുവിച്ച് ഘനം തൂങ്ങിയ ഹൃദയവുമായി തിരിഞ്ഞുനോക്കാതെ ഞാന്‍ നടന്നകന്നു. വാതില്‍ക്കലെത്തുമ്പോഴേക്കും അവള് നീട്ടിവിളിച്ചു,
”അമ്മേ…”
സജി ശ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: