ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍. മയക്കുമരുന്നു റാക്കറ്റിനെ പിടികൂടി നിയമത്തിനു മുന്പില് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ഭയമില്ലല്ലെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു.
മയക്കുമരുന്നു റാക്കറ്റ് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്താനും അന്വേഷണത്തെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്. മയക്കുമരുന്നു മാഫിയ ഇപ്പോള്‍ നിലവില്‍ വന്ന ഒന്നല്ല. ഇതു വളരെക്കാലമായി സംസ്ഥാനത്തുണ്ട്. എന്നാല്‍ മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാന്‍ മുന്‍സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മയക്കുമരുന്ന് കര്‍ണാടകയിലേക്ക് വരുന്നതിനെക്കുറിച്ച് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍പാന്ത് പറഞ്ഞു. ആഗസ്റ്റില്‍ ഒരു ട്രക്കിനകത്തു നിന്ന് സിസിബി കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മയക്കുമരുന്ന് റാക്കറ്റിനെതിരെ സിസിബി അന്വേഷണം തുടങ്ങിയത്.
കഞ്ചാവിനൊപ്പം പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്നും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ മയക്കുമരുന്ന് ശേഖരിക്കുന്നതായും അത് ബെംഗളൂരുവില്‍ നടത്തുന്ന നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിരുന്നു. രാഗിണിയും രവിയും ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ലഭിച്ചു.
സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ആള് സിനിമാ മേഖലയുമായി ബന്ധപ്പെട്ടതെങ്ങിനെയെന്ന് സിസിബി അന്വേഷിച്ചതോടെയാണ് രവിശങ്കര്‍ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നതായും ഉപയോഗിക്കുന്നതായും കണ്ടെത്തിയതെന്ന് കമാല്‍പാന്ത് പറഞ്ഞു. വ്യാഴാഴ്ച സിസിബി ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായ രവിശങ്കറെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
രവിശങ്കറില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് നിശാ പാര്‍ട്ടികളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മറ്റു തെളിവുകളും ലഭിത്തായി കമ്മീഷണര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്നുകള്‍ ശേഖരിച്ച് ഈ പാര്‍ട്ടികളില്‍ എത്തിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ മനസ്സിലായി. എല്ലാ കാര്യങ്ങളും രവിശങ്കര്‍ സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ആള്‍ക്കാരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.ഒരു വിദേശിയില്‍ നിന്നാണ് പ്രധാനമായും മയക്കുമരുന്നു ശേഖരിച്ചിരുന്നതെന്ന് രവിശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്നും വിദേശിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കമല്‍ പാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: