ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ രാജ്യത്തിന് അഭിമാനം പകരുന്നതാണ്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നതോടൊപ്പം തന്നെ എന്തിനും തയ്യാറുമാണ് എന്ന നിലപാടാണ് ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. റഷ്യയില്‍ നടന്നുവരുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ വച്ച് ഭാരതത്തിന്റെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചൈനീസ് പ്രതിരോധമന്ത്രി വേ ഫെങ്ഗേയുമായി ചര്‍ച്ച നടത്താനുള്ള സാധ്യത ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തേക്കാള്‍ സമാധാനത്തിന്റെ മാര്‍ഗമാണ് ഭാരതം ആഗ്രഹിക്കുന്നതെങ്കിലും ചൈനയുടെ കടന്നുകയറ്റം തുടര്‍ന്നാല്‍ ശഠനോട് ശാഠ്യം എന്ന നിലപാട് തന്നെയാകും സ്വീകരിക്കുക. ഇതിന്റെ സൂചനയാണ് ലേയിലെ സൈനിക വിന്യാസം വിലയിരുത്തിയ ശേഷം, ഭാരതത്തിന്റെ കരസേന മേധാവി എന്തിനുംതയ്യാറാണെന്ന് പ്രസ്താവനയിലൂടെ നല്‍കുന്നതും.
കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ സൈനിക നടപടിയിലൂടെ ചൈനയ്ക്ക് മേല്‍ ഭാരതം നേടിയ വിജയം നിര്‍ണായകമാണ്. പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം മലനിരകളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും സേനാവിന്യാസവും നിരീക്ഷണവും ശക്തമാക്കി. തന്ത്രപ്രധാനമായ അക്സായി ചിന്നിലേക്കുള്ള പാതയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചത് ചൈനയെ സംബന്ധിച്ച് വലിയൊരാഘാതമാണ്. 1962 മുതല്‍ ചൈന അന്യായമായി കൈവശം വച്ചിരിക്കുന്ന പ്രദേശമാണ് ലഡാക്കിന്റെ ഭാഗമായുള്ള അക്സായി ചിന്. കഴിഞ്ഞ ജൂണില്‍ അക്സായി ചിന് ഇന്ത്യയുടേതാണെന്നും ചൈനീസ് അധിനിവേശത്തില്‍ നിന്ന് ഇത് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ലഡാക്കില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ജംയാങ് സെറിംഗ് നംഗ്യാല്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ചൈനയെ കുറച്ചൊന്നുമല്ല പ്രകോപിതമാക്കിയിട്ടുള്ളത്. അക്സായി ചിന്നിനും പാക്കിസ്ഥാന് നിയന്ത്രിത ഭൂമിക്കും ഇടയിലുള്ള പ്രദേശം എന്നതിനാല്‍ ഏറെ സൈനിക പ്രാധാന്യമുള്ള മേഖലയാണ് ലഡാക്ക്. 2013ലാണ് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന ഏറെദൂരം കടന്നുകയറി കൂടാരം സ്ഥാപിച്ചത്. 2014ല്‍ ലഡാക് മേഖലയിലെ ചുമാര്‍, ദെംചോക് പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം രണ്ടു തവണ കടന്നുകയറ്റ ശ്രമം നടത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രകോപനങ്ങളുടെ പുതിയ പരമ്പരയ്ക്ക് ചൈന തുടക്കമിട്ടത്.
കഴിഞ്ഞദിവസം കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ മലനിരകളിലെല്ലാം ഇന്ത്യന്‍ സൈന്യം താത്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പാങ്ഗോങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകളില്‍ മേല്‍ക്കൈ നേടിയ നമ്മുടെ സൈന്യത്തിന്റെ നടപടി ചൈനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പാങ്ഗോങ് മേഖലയില്‍ പ്രത്യേക കമാന്‍ഡോകളെ അണിനിരത്തി. സ്പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്സ് എന്ന പ്രത്യേക സേനയെയാണ് ഇവിടെ വിന്യസിച്ചത്. കഴിഞ്ഞദിവസം ലഡാക്കിലെ ചുഷുലില്‍ നടന്ന ഇന്ത്യയുടെയും ചൈനയുടെയും ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ പാങ്ഗോങ് തടാകക്കരയില്‍ നിന്ന് പിന്മാറാന് തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ലഡാക്കിലെ ഗാല്‍വാനില്‍ ചൈന നടത്തിയ പ്രകോപനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും നയതന്ത്രതലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍, ചൈന വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷവും പ്രകോപനവും സൃഷ്ടിക്കുകയായിരുന്നു. അതേതുടര്‍ന്നാണ് ശക്തമായ സൈനിക നടപടികള്‍ ഇന്ത്യ നടത്തിയത്.
പാങ്ഗോങ് മലനിരകളില്‍ ഇന്ത്യന്‍ സൈന്യം തന്ത്രപ്രധാനമായ ആധിപത്യം നേടുകയും വന്‍തോതില്‍ സൈനിക സന്നാഹം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചയാകാമെന്ന നിലപാടില്‍ ചൈന എത്തിയത്. ഇന്ത്യയുടെ വിവിധ സേനാ മേധാവികള്‍ അതിര്‍ത്തി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി താത്പര്യം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്തിയ ശേഷം രാജ്നാഥ് സിങ് ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: