കുമളി: പത്തുമുറിയില്‍ അനുവദിയില്ലാതെ കുമളി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഹെലിടാക്സിയുടെ ഭാഗമായുള്ള ഹെലിപ്പാട് ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം നടത്തിയത് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്കിയ സ്ഥലത്ത്.
കുമളി-മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ് നാലാം വാര്‍ഡില്‍പ്പെട്ട ഓറഞ്ച് ഹില്‍സ് എന്ന സ്ഥലത്ത് ഹെലിപ്പാട് തുറന്നത്. സ്വകാര്യ കമ്പനിയാണ് ഹെലിടാക്സി സര്‍വ്വീസ് തുടങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെലിപ്പാട് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷും നിര്‍വഹിച്ചു. കുമളി പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് ഈ സ്ഥലത്തേക്കുള്ള റോഡും കോണ്‍ക്രീറ്റ് ചെയ്ത് നല്കി. ആദ്യ ദിനം അഞ്ച് പേര്‍ക്ക് കയറാവുന്ന ഹെലികോപ്ടര്‍ ഏഴ് സര്‍വ്വീസും നടത്തി.
അതേ സമയം സ്ഥലം പെരിയാര്‍ ടൈഗര്‍ റിസര്‍വിന് സമീപത്തായതിനാല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി തേടേണ്ടതുണ്ട്. ഇതടക്കം വാങ്ങാതെയാണ് ഹെലികോപ്ടര്‍ ആകാശത്ത് പറത്തിയത്. 1964ലെ പട്ടയ പ്രകാരമുള്ള സ്ഥലമായതിനാല്‍ കൃഷിയ്ക്കും വീടിനുമല്ലാതെ മറ്റ് നിര്‍മ്മാണങ്ങള്‍ ഇവിടെ പാടില്ലെന്നാണ് ചട്ടം. സമാനമായി തന്നെ ഒട്ടകതലമേട്ടില്‍ ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നു. ഇവിടെ ഹെലിടാക്സി സര്‍വ്വീസ് ആരംഭിച്ചെങ്കിലും പരാതി ഉയര്‍ന്നതോടെ കളക്ടര്‍ ഇടപെട്ട് തടയുകയായിരുന്നു. പിന്നാലെയാണ് 5 കിലോ മീറ്റര്‍ മാത്രം മാറി അടുത്ത ഹെലിപ്പാട് ഉദ്ഘാടനം ചെയ്തത്.
സര്‍വ്വീസിന് വേണ്ടത്
ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തണമെങ്കിലും ആദ്യമായി സിവില്‍ ഏവിയേഷന്‍ വിഭാഗം ഡയറക്ടറുടെ അനുമതി നിര്‍ബന്ധമാണ്. കൂടാതെ ഇവിടം പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപത്തായതിനാല്‍ പിറ്റിആര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും നിര്‍ബന്ധമാണ്. സാധാരണയായി അടിയന്തര ആവശ്യങ്ങള്‍ക്കൊഴിച്ച് ഇത് ലഭിക്കാറില്ല. താഴ്ന്ന പറക്കുന്ന ഹെലികോപ്ടറുകള്‍ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്നതാണ് പ്രശ്നം.
സംഭവം അന്വേഷിക്കും: കളക്ടര്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞ് മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഉദ്ഘാടനം വിവരം അറിഞ്ഞില്ലെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. മൂന്ന് ദിവസമായി അവധിയിലായിരുന്നു, സംഭവം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. കൃഷി ഭൂമിയില്‍ ഹെലിപ്പാട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മേഖലയിലെവിടേയും ഹെലിപ്പാട് നിര്‍മ്മിക്കാന്‍ അനുമതിയില്ലെന്നുമാണ് പീരുമേട് തഹസില്‍ദാരും വ്യക്തമാക്കിയത്.
100 പേര്‍ക്കെതിരെ കേസ്: എസ്ഐ
സ്ഥലത്ത് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്ഘാടന വേളയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസെടുത്തതായി കുമളി എസ്ഐ പ്രശാന്ത് പി. നായര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് ബുധനാഴ്ച കൂട്ടം കൂടിയതിനടക്കം കേസെടുത്തത്. പരിപാടി പോലീസിനെ അറിയിക്കാതെയാണ് നടത്തിയത്.
പരാതി നല്കി: എം.എന്‍. ജയചന്ദ്രന്
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 29 പ്രകാരം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം നടപടികള്‍ പാടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പരാതി നല്‍കിയതായി സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന് പറഞ്ഞു. പരമാവധി രണ്ടര കിലോ മീറ്റര്‍ മാത്രം മാറിയാണ് ഹെലിപ്പാട് സ്ഥിതി ചെയ്യുന്നത്. നിലവിലെ നിയമ പ്രകാരം 10 കിലോ മീറ്റര്‍ ചുറ്റളവാണ് ഇതിന്റെ പരിതിയായി നിശ്ചയിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പഞ്ചായത്തിന് ബന്ധമില്ല: ഷീബാ സുരേഷ്
സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഹെലിപ്പാടെന്നും നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങളില്‍ പഞ്ചായത്തിന് ബന്ധമില്ലെന്നും പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു. നാടിന്റെ വികസന കാര്യമായതിനാല്‍ പരിപാടിയില്‍ സന്തോഷ പൂര്‍വ്വം പങ്കെടുത്തു. പറത്തുന്ന കമ്പനിക്ക് കുമരകത്ത് നിന്ന് മൂന്നാറിന് പറക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും ഇത് പെരിയാറിലെ വനംവകുപ്പിന് കൈമാറിയതായും പ്രസിഡന്റ് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ല, റോഡ് നിര്‍മ്മിച്ചത് സമീപത്തെ താമസക്കാര്‍ക്ക് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: