ബെയ്ജിങ്: അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് തര്‍ക്കങ്ങളില്ലെന്നും ഇന്ത്യയുമായി ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറെന്ന് ചൈന. ഇന്ത്യയുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കി സ്ഥിരത ഉറപ്പുവരുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണം. ഇപ്പോഴുണ്ടായ ഭിന്നതകള്‍ സംഘര്‍ഷത്തില്‍ കലാശിക്കാന്‍ അനുവദിക്കരുത്. അതിനായി എതുതരത്തിലുള്ള ചര്‍ച്ചയ്ക്കും ചൈന തയാറാണെന്നും അദേഹം വ്യക്തമാക്കി.
അതിര്‍ത്തിയില സ്ഥിതിഗതികള്‍ വഷളാക്കാന്‍ ചൈന ശ്രമിക്കില്ല. ഭൂമിശാസ്ത്രപരമായ അഖണ്ഡത കാത്തുസൂക്ഷിക്കും. ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ എപ്പോഴുമുണ്ടാകും. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എക്കാലത്തും ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ആനയുമായി ഏറ്റുമുട്ടാന്‍ വ്യാളിയില്ല. ഒരുമിച്ചു നൃത്തം ചെയ്യാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും വാങ് വ്യക്തമാക്കി.
അതേസമയം, പാങ്ങ്ഗോങ്ങ് കുന്നുകളില്‍ കടന്നുകയറാനുള്ള നീക്കം പൊളിക്കുകയും ചൈനീസ് സൈന്യത്തെ തുരത്തി മലനിരകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്. പാങ്ങ്ഗോങ്ങ് കുന്നുകളില്‍ നിന്ന് തത്ക്കാലം മാറേണ്ടതില്ലെന്നാണ് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും തീരുമാനം.
ആഗസ്ത് 29നും 30നും പാങ്ങ്ഗോങ്ങിലെ പാങ്ങ്ഗോങ്ങ് സോ, റിസാങ്ങ് ലാ,റിക്വിന്‍ ലാ, പ്സാങ്കുര്‍ ലാപ് എന്നീ കുന്നുകള്‍ പിടിച്ചടക്കാനാണ് ചൈനീസ് സേന ശ്രമിച്ചത്. നീക്കം മുന്‍കൂട്ടി കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയെ തുരത്തിയെന്നു മാത്രമല്ല ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ കുന്നുകളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. സൈനികര്‍ക്കു പുറമേ ഇവിടങ്ങളില്‍ ഇന്ത്യ ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തി മാറ്റിവരയ്ക്കാന്‍ ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്നും കൈയേറ്റം ചെറുക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ സൈനിക തല ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇന്നലെ രാവിലെ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു.
സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ – ഭൂട്ടാന് അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ് അടിയന്തര സന്ദേശം. ചൈനീസ് അതിര്‍ത്തിയില്‍ പട്രോളിങ്ങ് ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനോടും സശസ്ത്ര സീമാ ബലിനോടും നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ്, അരുണാചല്‍, ഹിമാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലെ കാലാപാനിയിലും കാവല്‍ ശക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: