മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തമുണ്ടായ ദിവസം വരെയും സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ലെന്ന് കെഎസ്ഇബി. മൂന്നാറില്‍ ചില സ്ഥലങ്ങള്‍ ഒഴികെ പൂര്‍ണ്ണമായും ടാറ്റാ കമ്പനിയാണ് വൈദ്യുതി വിതരണം നടത്തുന്നത്.
അറ്റകുറ്റപണിയടക്കം ചെയ്ത് വൈദ്യുതി മുടക്കം കൂടാതെ നല്‍കുകയെന്നത് കമ്പനിയുടെ മാത്രം ഉത്തരാവദിത്വമാണ്. ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കുക മാത്രമാണ് ഇവിടെ കെഎസ്ഇബി ചെയ്യുന്നത്.
പെട്ടിമുടിയില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതാണ് ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നാണ് ജില്ലാ ഭരണകൂടവും കമ്പനി അധികൃതരും വ്യക്തമാക്കുന്നത്. വൈദ്യുതി ഇല്ലാതിരുന്നതായി പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുന്നുന്നു. എന്നാല്‍ 13 കിലോ മീറ്റര്‍ അകലെയുള്ള ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ലെന്നും ഇടയ്ക്കിടക്ക് ചെറിയ വിതരണ തടസം നേരിട്ടിരുന്നതായും കെഎസ്ഇബി ഇടുക്കി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. വ്യക്തമാക്കുന്നത്. പെട്ടിമുടിയില്‍ നിന്നാണ് ഇടമലക്കുടിയ്ക്കുള്ള ഭൂഗര്‍ഭ കേബിളും പോകുന്നത്.
ടാറ്റായുടെ കൈയില്‍ നിന്ന് വൈദ്യുതി തിരികെ വാങ്ങിയാണ് പെട്ടിമുടിയില്‍ നിന്ന് കേബിള്‍ വഴി ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. അപകട ദിവസം 1.5 കിലോ മീറ്ററോളം ദൂരം കേബിള്‍ നശിച്ചതിനാല്‍ നിലവില്‍ ഇവിടേക്കുള്ള വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ലെന്നും പണികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പള്ളിവാസല്‍ പവര്‍ ഹൗസില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂന്നാറില്‍ വെച്ചാണ് ടാറ്റായ്ക്ക് കൈമാറുന്നത്. 11 കെ.വി. ലൈന്‍ വഴി 34 കിലോ മീറ്ററോളം ദൂരമാണ് മൂന്നാറില്‍ മാത്രം ഇത് വിതരണം ചെയ്യുന്നത്. ഇത് മിക്കപ്പോഴും മഴയും കാറ്റുമുള്ളപ്പോള്‍ വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്. വൈദ്യുതി വിതരണം ചെയ്യുന്നതാകട്ടെ 100 വര്‍ഷം വരെ പഴക്കമുള്ള ലൈന്‍ വഴിയും. ഇതടക്കം മാറ്റി 33 കെ.വി ലൈനാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറയുന്നു. ടാറ്റാ ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കാണ് കെഎസ്ഇബിയ്ക്കുള്ളത്. മൂന്നാര്‍ ടൗണില്‍ ആവശ്യക്കാരെത്തിയാല്‍ വൈദ്യുതി നല്കാന് കെഎസ്ഇബി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മറയൂരില്‍ സബ് സ്റ്റേഷന് അടക്കം നിര്‍മ്മിച്ച് പുതിയ ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കാനുള്ള പണികളും നടക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനം 70% പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍ 14 കിലോ മീറ്റര്‍ ലൈന്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. മറയൂരില്‍ നിലവില്‍ ടാറ്റായുടെ കൈയില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം നടത്തുന്നത്. ഇത് പലപ്പോഴും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: