തൃശൂര്‍: ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് 20 വര്‍ഷമായിട്ടും സ്ഥാനക്കയറ്റം ലഭിച്ചില്ല. സര്‍ക്കാരും പിഎസ്സിയും അംഗീകരിച്ച സാനിട്ടറി ഇന്‍സ്പെക്ടര്‍ ഡിപ്ലോമ യോഗ്യതയുള്ള എച്ച്ഐമാരെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രമോഷനില്‍ അവഗണിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തെങ്കിലും തെറ്റായ തടസവാദങ്ങള്‍ ഉന്നയിച്ച് സ്ഥാനക്കയറ്റം മന:പൂര്‍വ്വം തടയുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്ഥാനക്കയറ്റം കിട്ടാതായതോടെ സാനിട്ടറി ഇന്‍സ്പെക്ടര്‍ ഡിപ്ലോമയുള്ള സ്ത്രീകളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ ജോലിയില്‍ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ്. പിഎസ്സി നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് സ്ഥാനക്കയറ്റം നല്‍കാത്ത നടപടി പുനഃപരിശോധിക്കണമെന്നാണ് ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആവശ്യം. സ്ഥാനക്കയറ്റം ഉള്‍പ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പിഎസ്സി അഡൈ്വസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട.
എന്നാല്‍ ഇതെല്ലാം ബന്ധപ്പെട്ടവര്‍ അട്ടിമറിച്ചതായി എച്ച്ഐമാര്‍ ചൂണ്ടിക്കാട്ടി. 14 ജില്ലകളിലായി പിഎസ്സി ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ എടുത്ത അനുകൂല തീരുമാനം ഉടനെ നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാരും വകുപ്പ് സെക്രട്ടറിയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: