കാഞ്ഞങ്ങാട്: സിപിഎം വ്യാപകമായ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ പലയിടങ്ങളിലായി ബിജെപി പ്രവര്‍ത്തകരേയും സ്ഥാപനങ്ങളും അക്രമിച്ച സംഭവങ്ങളില്‍ പത്തോളം കേസുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായി കഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ സംയമനമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. കാഞ്ഞങ്ങാടും പരിസരങ്ങളിലും ആ റോളം സംഭവങ്ങള്‍ നടന്നു കഴിഞ്ഞു. തിരുവോണത്തിനു തലേനാളും തിരുവോണ രാത്രിയിലും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
പല വീടുകളിലും ഗൃഹനാഥന്മാരും വീട്ടിലെ പ്രായമുള്ള അമ്മമാര്‍ പോലും ആക്രമിക്കപ്പെട്ടു. ക്ഷമിച്ചും സംയമനം പാലിച്ചും പോലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാലും അധികമാളുകളും ആശുപത്രിയില്‍ പോകാതെ രോഷവും വേദനയും ഉള്ളിലൊതുക്കി കഴിയുകയാണ്. സിപിഎം അനുഭാവികളായ പോലീസുദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ കേസ് കൈകാര്യം ചെയ്യുന്നില്ലായെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തുടനീളം പോലീസ് ബിജെപി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നു. ജില്ലയിലും ക്രമസമാധാനം തകര്‍ന്നു കഴിഞ്ഞു.
ജില്ലാ പോലീസ് മേധാവി എട്ടും പൊട്ടും തിരിയാത്ത കൗമാരകാരി പെണ്‍കുട്ടിയെ പോലെ പെരുമാറുന്നു. സിപിഎമ്മുകാരായ കീഴുദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേട്ട് കേസ് കൈകാര്യം ചെയ്യുന്നു. മിക്ക കേസുകളിലും നിസ്സാര വകുപ്പ് ചേര്‍ത്ത് പ്രതികളെ രക്ഷപ്പെടുത്താന്‍ ഒത്താശ ചെയ്തു കൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്.
കാഞ്ഞങ്ങാട് മൂവാരികുണ്ടിലും, കാഞ്ഞങ്ങാട് സൗത്തിലും, പുതുകൈയിലും, വാഴുന്നോറടിയിലും, പൂച്ചക്കാട് കിഴക്കേകരയിലും ഒക്കെ സമാനമായ രീതിയിലാണ് പോലീസിന്റെ നിലപാട്. ക്രമസമാധാനം ഇത്രയും തകരാറിലായ ഒരു കാലഘട്ടമുണ്ടായിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വമേധയാ നിയന്ത്രണം പാലിക്കുന്നതിനാല്‍ പല ഘട്ടങ്ങളിലും ജനങ്ങള്‍ പ്രതികരിക്കുന്നില്ല. കൊറോണയെ അവസരമാക്കിയെടുക്കുകയാണ് സര്‍ക്കാരും പോലീസും. ചോദിക്കാനും പറയാനും ആരുമില്ലാതായെന്ന ചിന്തയും അതു വഴിയുണ്ടായ ധാര്‍ഷ്ട്യവുമാണ് ഉദ്യോഗസ്ഥര്‍ക്ക്. ഇത് സിപിഎം നേതൃത്വവും പോലിസും തമ്മിലുള്ള ഒത്തു കളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട രാജ്യദ്രോഹ സ്വര്‍ണ്ണ കള്ളകടത്ത് അന്വേഷണം. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലെ പ്രമുഖരായ മൂന്ന് മന്ത്രിമാരിലേക്കുമെത്തി കൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളും യൂണിയന് നേതാക്കളും ഈ അഴിമതിയില്‍ പങ്കാളികളാണെന്ന് സംശയിക്കപ്പെടുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ വലിയ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമത്തിന് കോപ്പുകൂട്ടുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
ജില്ലയുടെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ അനാവശ്യമായി സ്യഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലം മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. അഴിമതിയില്‍ കുളിച്ചു നില്ക്കുന്ന സര്‍ക്കാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അരാജകത്വവും ജില്ലയെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമുഹ മനസാക്ഷി ഉണരണമെന്ന് എ.വേലായുധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: