കല്‍പ്പറ്റ: ദിനംപ്രതി വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്താല്‍ ജീവിതം വഴിമുട്ടിയ ഗതിയിലാണ് കര്‍ഷകര്‍. അശാസ്ത്രിയമായ വന സംരക്ഷണവും അതിര്‍ത്തി പരിപാലനവും കര്ഷകര്ക്ക്ഭീഷണിയായിരിക്കുന്നു.കാടിറങ്ങി നാട്ടിലേക്ക് വരുന്ന വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു.
നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട വയനാട് ആശങ്കയുടെ നിഴലിലാണ്. കൊറോണ കാലത്ത് സകല മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപദ്രവമായി മൃഗങ്ങളുടെ ശല്യവും. കൃഷിയിടങ്ങള്‍ക്ക് പുറമെ മനുഷ്യ ജീവനും ഭീഷണിയുള്ള സാഹചര്യമാണ് നിലവില്‍. കടം മേടിച്ചും ബാങ്കില്‍ നിന്ന് ലോണെടുത്തും മറ്റുമാണ് ഇവര്‍ കൃഷിയിറക്കുന്നത്. കൃഷിയിറക്കുന്ന കര്ഷകന് ഇതിന് പരിഹാരം കിട്ടിയേ മതിയാവൂ.
കൃഷിക്കു പുറമെ വളര്‍ത്തുമൃഗങ്ങളെയും മനുഷ്യനേയും ആക്രമിക്കല്‍ പതിവാണ്. ഈ കഴിഞ്ഞ മാസമാണ് പുല്‍പ്പള്ളി ബസവന് കൊല്ലി കോളനിയിലെ യുവാവിനെ കടുവ കൊന്നു തിന്നത്. വിറക് ശേഖരിക്കാനായി പോയ യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഏതാണ്ട് പൂര്‍ണമായും തിന്ന മൃതദേഹം കണ്ടെത്തിയത്. കൃഷി സംരക്ഷിക്കാന്‍ കാവലിരുന്ന ചീരാല്‍ സ്വദേശി നിഖില്‍ എന്ന ചെറുപ്പക്കാരന് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. കാവല്‍ നിന്ന കാവല്‍ മാടം ആന തകര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു.
വരിക്കേരി, പാട്ടം, അയിനിപ്പുര, മുണ്ടക്കൊല്ലി തുടങ്ങിയ കാടിനോട് ചേര്‍ന്ന പ്രദേശങ്ങളും കാട്ടാന ഭീക്ഷണിയിലാണ്. പനമരത്ത് വയലില്‍ മേയാന്‍ വിട്ട് പോത്തിനെ കടുവ കൊന്നത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം ചെതലയത്ത് വളര്‍ത്തുനായയെ എതോ മൃഗം കൊന്ന് മരത്തില്‍ തൂക്കിയതും ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ലോക് ഡൗണായതിനാല്‍ ആളുകള്‍ എല്ലാവരും വീടുകളില്‍ തന്നെയാണ്. വിശപ്പടക്കാന്‍ കൂട്ടമായും ഒറ്റക്കും കാട്ടിലേക്ക് ഇറങ്ങുന്ന ആനയും കാട്ടുപന്നിയും കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്.
പുല്‍പ്പള്ളി, തിരുനെല്ലി, കാട്ടിക്കുളം, ചെതലയം, മുത്തങ്ങ, പനവല്ലി, ഓടത്തോട്, മേപ്പാടി തുടങ്ങി കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ആണ് രൂക്ഷമായ പ്രശ്നം നിലനില്‍ക്കുന്നത്. പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ പലര്‍ക്കും ഭയമാണ്. ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ വന്യമൃഗ ശല്യം കാരണം കൃഷിയില്‍ നിന്നും പിന്മാറുന്ന കര്‍ഷകരും വയനാട്ടില്‍ വര്‍ദ്ധിച്ചുവരുന്നു. പലയിടങ്ങളില്‍ ഫെന്‍സിങ്ങ് സ്ഥാപിക്കണമെന്നും ഉപയോഗശൂന്യമായവ നന്നാക്കണമെന്നും ശക്തമായ ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. കല്‍പ്പറ്റ , മാനന്തവാടി തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളില്‍ കുരങ്ങു ശല്യം രൂക്ഷമാകുന്നു. കുരങ്ങു പനിയുടെ വ്യാപന സാധ്യത നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ നഗരങ്ങളിലേക്ക് ഇറങ്ങുന്ന കുരങ്ങുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഭ്രാന്തിക്കും മുന്നില്‍ അധികൃതര്‍ കണ്ണടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: