(2018 ജൂണ്‍ ഏഴിന് നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിതീയ സംഘശിക്ഷാ വര്‍ഗില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ നിന്ന്)
ദേശീയതയാണ് ഏറ്റവും വലുത്. ബഹുസ്വരതയാണ് ഭാരതത്തിന്റെ സംസ്കാരം. എല്ലാ ആശയഗതികള്‍ക്കും മുകളിലാണ് ദേശീയതയുടെ സ്ഥാനം. വിശ്വവിശാലതയാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. വസുധൈവ കുടുംബകം എന്നാണ് നമ്മള് ലോകത്തെ പഠിപ്പിച്ചത്.
ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയത; അതിന് കീഴിലാണ് നാമെല്ലാവരുമെന്ന് തിരിച്ചറിയണം. രാജ്യം ബഹുസ്വരതയെ അംഗീകരിക്കുകയും വ്യത്യസ്തതയെ ആഘോഷിക്കുകയും ചെയ്യുന്നു. നാനാത്വത്തില്‍ ഏകത്വത്തെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളുമാണ് നമ്മളെ പ്രത്യേകതയുള്ളവരും സഹിഷ്ണുതയുള്ളവരുമാക്കുന്നത്. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും സംയോജിച്ചുണ്ടായതാണ് ദേശീയത. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുക്കാരും മറ്റ് മതസ്ഥരും യോജിച്ചാലേ യഥാര്‍ത്ഥ ദേശീയത രൂപപ്പെടൂവെന്ന് നെഹ്റു എഴുതിയിട്ടുണ്ട്. മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നത് ദേശീയതയെ ദുര്‍ബ്ബലപ്പെടുത്തും.
മതേതരത്വമാണ് എന്നെ സഹിഷ്ണുത പഠിപ്പിച്ചത്. അസഹിഷ്ണുത രാജ്യത്തിന്റെ വ്യക്തിത്വത്തിന് തടസ്സമുണ്ടാക്കുന്നു. നമ്മള് ശത്രുക്കളെ കണ്ടെത്താറില്ല. യോജിപ്പും വിയോജിപ്പും തര്‍ക്കങ്ങളുമുണ്ടാകാം, പക്ഷെ എതിരഭിപ്രായത്തെ ഇല്ലാതാക്കാറില്ല. ഇതാണ് ഭാരതത്തെ ഐക്യത്തിലും ജനാധിപത്യത്തിലും നിലനിര്‍ത്തുന്നത്. ആധുനിക ഇന്ത്യയെന്ന ചിന്ത മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലല്ല ഉരുത്തിരിഞ്ഞത്. ഒരു രാജ്യത്തിനും ഒരു കൊടിക്കും ഒരൊറ്റ സ്വത്വത്തിനും കീഴിലാണ് നമ്മള്.
ഇന്ത്യയുടെ പിറവി ആറാം നൂറ്റാണ്ടിലേക്ക് നീളുന്നതാണ്. നിരവധി മഹാന്മാരായ ചിന്തകരെ സൃഷ്ടിച്ചു. ഇന്ത്യയിലെ പൗരാണിക സ്ഥാപനങ്ങള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചിരുന്നു. അറുനൂറ് വര്‍ഷത്തോളം മുസ്ലിം അധിനിവേശമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നു. പലതരത്തിലുള്ള ഭരണാധികാരികള്‍ അധികാരം കയ്യാളിയിട്ടും അയ്യായിരം വര്‍ഷം പഴക്കമുള്ള സംസ്കാരം നിലനിന്നു.
സര്‍ദ്ദാര്‍ പട്ടേലാണ് ഇന്ത്യയെ യോജിപ്പിച്ചത്. സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള മാഗ്നാ കാര്‍ട്ടയാണ് ഭരണഘടന. ജനാധിപത്യം സമ്മാനമല്ല, കര്‍ത്തവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: