കൊല്ലം: തിരുവോണത്തിന് ഒന്നിച്ച് മദ്യപിച്ച ശേഷം തമ്മിൽ തല്ലി, ഒരാളെ അടിച്ചും കഴുത്തിന് കയറിട്ട് കുരുക്കിയും കൊലപ്പെടുത്തി. അഞ്ചുപേർ കസ്റ്റഡിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഉണ്ണിയാണ്(50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.
വാളകം വാലിക്കോട്ടുകോണം കോളനി ഭാഗത്ത് കുഞ്ഞപ്പിയുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യയും മക്കളും ഇല്ലാത്ത എഴുപത്തഞ്ചുകാരനായ കുഞ്ഞപ്പിക്കൊപ്പമാണ് ഉണ്ണി മൂന്ന് വർഷമായി താമസിച്ചിരുന്നത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസും മറ്റ് ചിലരും ഈ വീട്ടിൽ മിക്കപ്പോഴും എത്താറുണ്ട്. ചില ദിവസങ്ങളിൽ മേസ്ത്രിപ്പണിയ്‌ക്ക് പോവുകയും കിട്ടുന്ന തുകയുമായെത്തി മദ്യം വാങ്ങി കുഞ്ഞപ്പിയുടെ വീട്ടിലിരുന്ന് കുടിക്കുന്നതുമാണ് പതിവ്.
തിരുവോണത്തിന് മദ്യവുമായി ഉച്ച മുതൽ ഇവർ ഒന്നിച്ച് കുടി തുടങ്ങി. രാത്രിയോടെ മറ്റ് കൂട്ടുകാർ ഇവിടെ നിന്നും പോയി. കുഞ്ഞപ്പിയും ജോസും ഉണ്ണിയും മാത്രമായപ്പോഴാണ് തമ്മിൽ തല്ലുണ്ടായത്. അടിയേറ്റുവീണ ഉണ്ണിയുടെ കഴുത്തിൽ കയറിട്ട് ജോസ് മുറുക്കി. കൊലപാതകം ഉറപ്പാക്കിയശേഷം ജോസ് ഇവിടെ നിന്നും മുങ്ങി. ബഹളം കേട്ട് അയൽക്കാർ പഞ്ചായത്ത് മെമ്പറെ വിളിച്ചുവരുത്തിയിരുന്നു. മെമ്പറും സംഘവുമെത്തിയപ്പോൾ ഉണ്ണിയും കുഞ്ഞപ്പിയും തറയിൽ കിടക്കുകയായിരുന്നു.
ഉണ്ണി മരിച്ചുവെന്ന് ഉറപ്പായതോടെ അഞ്ചൽ പൊലീസിനെ വരുത്തി. കുഞ്ഞപ്പി മദ്യ ലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് ഇൻക്വിസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയ ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. ജോസിനെയും കുഞ്ഞപ്പിയെയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്ന മൂന്നുപേരെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: