ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴ അഡ്വ. പ്രശാന്ത് ഭൂഷണ് അടയ്ക്കും.
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പ്രശാന്ത്ഭൂഷണ് മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്.
പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
പിഴയൊടുക്കാന്‍ തയ്യാറാണെന്ന് പ്രശാന്ത് ഭൂഷണ്തന്നെയാണ് അറിയിച്ചത്. സുപ്രീം കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും വിധിക്കെതിരെ ലഭ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പിഴയൊടുക്കാന്‍ കോടതി വിധിച്ച ഉടന്‍തന്നെ കേസില്‍ തന്റെ അഭിഭാഷകനും സഹപ്രവര്‍ത്തകനുമായ രാജീവ് ധവാന് പിഴയൊടുക്കുന്നതിനുള്ള ഒരു രൂപ തനിക്കു നല്കി. വളരെ നന്ദിയോടെ താന്‍ അത് സ്വീകരിച്ചു. കോടതിയോടുള്ള ആദരവോടെ പിഴ ഒടുക്കും- അദ്ദേഹം പറഞ്ഞു. രാജീവ് ധവാനില്‍ നിന്ന് ഒരു രൂപ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: