തിരുവനന്തപുരം: എക്സൈസ് സിവില്‍ ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് അനു എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിഎസ്സിയുടെയും പിണറായി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കില്‍പോലും അനുവിന്റെ ജീവന് നഷ്ടമാകില്ലായിരുന്നു.
‘വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുക അല്ല’ എന്നാണ് റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് വിവാദമായപ്പോള്‍ പിഎസ്സി ചെയര്മാന് സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യേണ്ടി വന്നു. അന്ന് ഇവരെ ചതിച്ചത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.
തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്കാന് അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു.
റാങ്ക് പട്ടികകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി നടക്കുന്നു. ഇവര്‍ക്ക് പിന്നീട് സ്ഥിരം നിയമനം നല്കിയ സംഭവങ്ങള്‍ നിരവധിയാണ്. പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്കാരി ഉള്‍പ്പെടെ പുറത്ത് നില്‍ക്കൈ 350 ല്‍ അധികം താത്കാലിക ലൈബ്രേറിയന്മാരെ സ്ഥിരപ്പെടുത്തി.
അതിനിടെയാണ് പിഎസ്സിയുടെ കള്ളത്തരവും തട്ടിപ്പും വെളിപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മതിയായ യോഗ്യതകളില്ലാതെയാണ് സ്പെയിസ് പാര്‍ക്കില്‍ ഒന്നര ലക്ഷത്തോളം ശമ്പളം പറ്റി ജോലി ചെയ്തത്.
മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്, സിഡിറ്റിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ബന്ധുനിയമനങ്ങള്‍ അങ്ങനെ നീളുന്നു യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വഞ്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: