സംഘത്തിന്റെ 1988ലെ ദ്വിതീയ വര്‍ഗ ശിക്ഷണ ശിബിരം തൊടുപുഴയ്‌ക്കടുത്തു കുമാരമംഗലം എംകെഎന്‍എം ഹൈസ്‌കൂളിലാണ് നടന്നത്. ആ വിദ്യാലയം അരനൂറ്റാണ്ടു മുന്‍പു മുതല്‍തന്നെ സംഘത്തിന്റെ പരിപാടികള്‍ക്ക് അനുവദിച്ചു തന്നിട്ടുണ്ട്. സര്‍കാര്യവാഹ് ഹോ.വേ. ശേഷാദ്രിജിയാണ് അവിടെയെത്തിയ സമുന്നത അധികാരിമാരില്‍ പ്രമുഖന്‍. ദ്വിതീയ വര്‍ഷ ശിബിരങ്ങളില്‍ സര്‍സംഘചാലകും സര്‍കാര്യവാഹും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ എത്തുന്നതാണ് അന്നും ഇന്നും പതിവ്. ശേഷാദ്രിജിക്കു പുറമേ ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപകനും മുതിര്‍ന്ന പ്രചാരകനുമായ ദത്തോപന്ത് ഠേംഗ്ഡിയും, കല്യാണാശ്രമം പ്രചാരകനും മുന്‍ പ്രാന്ത പ്രചാരകനുമായിരുന്ന ഭാസ്‌കര്‍ റാവുജിയും, പരമേശ്വര്‍ജിയും അവിടെയെത്തി ഏതാനും ദിവസം താമസിച്ചു ശിക്ഷാര്‍ത്ഥികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. കുമാരമംഗലം ഗ്രാമവാസികള്‍ അത്യാഹ്ലാദത്തോടെ ശിബിരത്തിലെത്തിയ വിശിഷ്ട വ്യക്തികള്‍ക്ക് ആതിഥ്യമരുളി. അതിനിടെ ഒരു ദിവസം പ്രഭാത സഞ്ചാരത്തിന് പുറത്തു നിരത്തില്‍ നടക്കവേ ശേഷാദ്രിജിക്കു കാല്‍വഴുതി ചെറിയ പരിക്കു പറ്റുകയാല്‍ തുടര്‍ന്നുള്ള യാത്രകളും സംഘശിക്ഷാവര്‍ഗുകളിലെ പരിപാടികളും മുടങ്ങിപ്പോയി.
തൊടുപുഴത്താലൂക്കും കുമാരമംഗലവും കാലവര്‍ഷം ശക്തിയായി ലഭിക്കുന്ന സ്ഥലമാണ്. ശിബിരത്തിനു നിര്‍മിച്ച നെടുംപുരകള്‍ക്കും പ്രശ്‌നം വന്നു. സമാപന കാര്യക്രമം അതിഭയങ്കരമായ കാറ്റിനും മഴയ്‌ക്കും ഇരയായി, മൈതാനം തടാകമായി. പില്‍ക്കാലത്ത് സഹസര്‍കാര്യവാഹ് ചുമതലവരെ ഉയര്‍ന്ന കെ.സി. കണ്ണനായിരുന്നു എത്രയും കാര്യക്ഷമമായി മുഖ്യശിക്ഷക സ്ഥാനം നിര്‍വഹിച്ചത്.
വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ആ വിദ്യാലയം ശിബിരം നടക്കുന്ന കാലത്തു അങ്ങേയറ്റം താഴ്ന്നതലത്തിലെത്തിയിരുന്നു. പരീക്ഷാഫലം വന്നപ്പോള്‍ അക്കൊല്ലവും മോശമായിരുന്നു. സ്‌കൂളിന്റെ ലൈസന്‍സും അംഗീകാരവും പോലും പിന്‍വലിക്കുമെന്ന ആദ്യ അറിയിപ്പും വന്നു. ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങള്‍ സജ്ജമാക്കുവാന്‍ തുടക്കം മുതല്‍ സ്‌കൂളിന്റെ ഉടമ ശ്രദ്ധിച്ചിരുന്നു. തൊടുപുഴയ്‌ക്കും ചുറ്റുപാടുമുള്ള ഏക ഹൈന്ദവ മാനേജ്‌മെന്റ് സ്‌കൂളാണത്. ആറു കി.മീറ്ററുകള്‍ക്കപ്പുറത്ത് എന്‍എസ്എസിന്റെ ഒരു ഹൈസ്‌കൂളുള്ളതായിരുന്നു മറ്റൊന്ന്. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ പല തന്ത്രങ്ങളും പയറ്റി രണ്ട് കി.മീ. അകലെ വരെ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയിരുന്നു. ഈ വിദ്യാലയം വിലയ്‌ക്കു വാങ്ങാനും, യൂണിവേഴ്‌സിറ്റിയെക്കൊണ്ട് ഏറ്റെടുപ്പിക്കാനും നീക്കങ്ങള്‍ നടന്നുവന്നു.
അതിനിടയില്‍ അടുത്തവര്‍ഷവും റിസള്‍ട്ട് ആപല്‍ക്കരമായി. തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജുമെന്റും സംയുക്തമായി നടത്തിയ തീവ്രയത്‌നത്തിനു ഫലമുണ്ടായി. പിന്നത്തെ എസ്എസ്എല്‍സിക്ക് എഴുതിയ കുട്ടികള്‍ മുഴുവനും
ജയിച്ചു. റിസള്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടുത്ത നാള്‍തന്നെ വിദ്യാലയത്തിന്റെ അംഗീകാരവും പിന്‍വലിച്ച് ഉത്തരവും വന്നു. പത്രത്തില്‍ രണ്ടും അടുത്തടുത്ത് വാര്‍ത്തയായി. അന്നു മന്ത്രിസഭാംഗമായിരുന്ന പി. ജെ. ജോസഫ്, മാനേജുമെന്റുമായുണ്ടായിരുന്ന തലമുറ ബന്ധം കൂടി ഓര്‍മിച്ചു നടത്തിയ ശ്രമത്തിന്റെ ഫലമായി സ്‌കൂള്‍ ഉടമ ആര്‍.കെ. ദാസിന് അനുഭാവപൂര്‍ണമായ സഹകരണം നല്‍കുകയാല്‍ അടച്ചുപൂ
ട്ടല്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് മാനേജുമെന്റും അദ്ധ്യാപകരും മറ്റും ചേര്‍ന്ന് നടത്തിയ തീവ്രയത്‌നസമ്പര്‍ക്ക പരിപാടിയിലൂടെ കുട്ടികള്‍ വര്‍ധിച്ചുവന്നു. അതിവേഗം പഠനനിലവാരവും ഉയര്‍ന്നു. ഒട്ടേറെ അധ്യാപകര്‍ ആ പ്രക്രിയയില്‍ സജീവഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്. അക്കാദമിക തലത്തിലെ മേന്മയോടൊപ്പം, കായിക കലാ സാഹിത്യ രംഗങ്ങളിലും എംകെഎന്‍എം സ്‌കൂള്‍ ഉയര്‍ന്നുവന്നു. സംസ്ഥാനതല കലാകായികോത്സവങ്ങളിലെല്ലാം തന്നെ ആ വിദ്യാലയം വര്‍ഷങ്ങളായി സംസ്ഥാനത്തെ ആദ്യത്തെ അഞ്ചു വിദ്യാലയങ്ങളില്‍പ്പെടുന്നുണ്ട്.
ഈ ഭഗീരഥ പ്രയത്‌നത്തില്‍ അവിശ്രാന്തം പങ്കെടുത്ത ഹിന്ദി അധ്യാപകന്‍ പി.ടി. സുധാകരന്‍ മാഷ് കഴിഞ്ഞ ആഴ്ച പ്രമേഹരോഗമൂര്‍ച്ഛയാല്‍ അന്തരിച്ചുവെന്ന പരമാര്‍ത്ഥം സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമാണ്. ഒരു നിമിഷം പോലും വിശ്രമിക്കാതെ കാര്യനിരതനായിരുന്നു സുധാകരന്‍ മാഷ്. ബാല്യത്തിലേ സംഘശാഖയിലൂടെ വളര്‍ന്ന് തന്നില്‍ സഹജമായിരുന്ന സേവാഭാവത്തെ പരിപോഷിപ്പിച്ചു. കുമാരമംഗലം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശാഖയിലെ സംഘസ്ഥാനിലായിരുന്നു അദ്ദേഹം ചുവടുമാറ്റം നടത്തിയത്. ഒരു പാരലല്‍ കോളജിലെ അധ്യാപകനായി പയറ്റു തുടങ്ങി. ശാഖയില്‍ മുഖ്യശിക്ഷകായിരുന്നു. അക്കാലത്താണ് വിദ്യാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തന്റെ ഗ്രാമത്തിലെ ചില മുതിര്‍ന്ന സ്വയംസേവകര്‍ ഉത്സാഹിച്ചത്. അതിനെ ആശീര്‍വദിക്കാന്‍ വേദാനന്ദ സരസ്വതി സ്വാമികളും ഉണ്ടായിരുന്നു. വിദ്യാലയത്തിന് സാന്ദീപനി ശിശുമന്ദിരമെന്ന പേരാണ് നല്‍കപ്പെട്ടത്. വിദ്യാനികേതനു കീഴിലുള്ള സ്ഥാപനങ്ങളില്‍ മോശമല്ലാത്ത ഒരു നില സന്ദീപനിക്കുണ്ടായതിന്റെ ക്രെഡിറ്റിന് അര്‍ഹത സുധാകരന്‍ മാഷിനും അദ്ദേഹത്തിന്റെ പത്‌നിക്കുമുണ്ട്.
സാന്ദീപനി വിദ്യാലയത്തിന് ഒരു വാഹനമുണ്ടെങ്കില്‍ കൂടുതല്‍ സൗകര്യമാവും എന്ന സ്ഥിതിയെത്തിയപ്പോള്‍ ഒന്നു തന്റെ വകയായിരിക്കട്ടെ എന്ന് മാഷ് നിശ്ചയിച്ചു. മിക്കപ്പോഴും താന്‍തന്നെയാവും ഡ്രൈവറും. മാഷില്ലെങ്കില്‍ മകന്‍ ചക്രംതിരിക്കും. കുമാരമംഗലം സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകനെന്ന നിലയ്‌ക്ക് ചെയ്യേണ്ട അക്കാദമികവും അക്കാദമികേതരവുമായ മുഴുവന്‍ ചുമതലകളും നിര്‍വഹിക്കുമായിരുന്നു. കലോത്‌സവങ്ങള്‍ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനും കൊണ്ടുപോകുന്നതിനുംമുന്നിലുണ്ടായിരുന്നു. അവരോടൊപ്പം ആര്‍ത്തുതകര്‍ക്കുമ്പോഴും അച്ചടക്കം സൂക്ഷിക്കുന്നതില്‍ കര്‍ക്കശക്കാരനുമായിരുന്നു.
സുധാകരന്‍ മാഷ് നല്ലൊരു അധ്വാനിയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതില്‍ വിദഗ്ധന്‍. അദ്ദേഹത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട് ധാരാളം ചെറുപ്പക്കാര്‍, മിക്കവരും സ്വയംസേവകര്‍ പാചകക്കാരായി നാട്ടിലുണ്ട്. സംഘശിബിരങ്ങളും ക്ഷേത്രോത്‌സവങ്ങളുമാണവരുടെ പ്രയോഗശാലകള്‍. അവരില്‍ ചിലര്‍ ഇപ്പോള്‍ പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍തന്നെ രൂപീകരിച്ചിരിക്കുന്നു.
മാഷിന്റെ മകന്‍ അഭിഷേക് അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നു തോന്നി. ഒരിക്കല്‍ ഒരു സംഘപരിപാടിക്ക് പ്രാന്തകാര്യാലയത്തില്‍ എന്നെക്കൊണ്ടുപോയത് അയാളായിരുന്നു. അവിടെയെത്തിയപ്പോള്‍ പ്രഭാതഭക്ഷണ സമയമാണ്. ഞങ്ങള്‍ അകത്തുകയറി പ്ലേറ്റെടുത്ത് ഇരിക്കാനൊരുങ്ങുമ്പോള്‍ രണ്ട് മുതിര്‍ന്നവരുടെ പ്ലേറ്റ് കാലിയായി കണ്ടയുടനെ അയാള്‍ അവര്‍ക്ക് വിളമ്പാന്‍ പോയി. ആള്‍ അവിടത്തെ പ്രബന്ധകനല്ല എന്നാര്‍ക്കും തോന്നാത്ത വിധത്തിലായിരുന്നു പെരുമാറ്റം.
സുധാകരന്‍ മാഷിന്റെ സാന്നിധ്യം ഇല്ലാത്ത എന്റെ ഗ്രാമത്തെയും പരിസരങ്ങളെയുംകുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഞാന്‍ മാത്രമല്ല, നാട്ടുകാരും അധ്യാപകരും അധ്യേതാക്കളുമായി തൊടുപുഴയിലെ അനവധിപേര്‍ സംഘപരിവാറിലെ അംഗങ്ങളെല്ലാവരും അതേ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: