തിരുവനന്തപുരം: വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലൈഫ് മിഷനുവേണ്ടി ദുബായ് റെഡ്ക്രസന്റുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നിര്‍ണായകമാകും. വിദേശസഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിട്ടുണ്ട്. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല എന്ന് ചീഫ്സെക്രട്ടറി നല്കിയ മറുപടിയിലും വ്യക്തമാക്കിയിട്ടുണ്ട്.
2019 ജൂലൈ 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ലൈഫ് മിഷന് സിഇഒ യുവി.ജോസും ദുബായ് റെഡ്ക്രസന്റും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 20 കോടിയുടെ സഹായമായിരുന്നു റെഡ്ക്രസന്റ് വാഗ്ദാനം ചെയ്തത്. 70 ലക്ഷം ദിര്‍ഹത്തിന് വീടുകളും 30 ലക്ഷം ദിര്‍ഹത്തിന് ആശുപ്രത്രിയും നിര്‍മ്മിക്കാനായിരുന്നു ധാരണാ പത്രം. എന്നാല്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ മുസ്ലീം രാജ്യങ്ങളുടെ ഘടകമായ റെഡ്ക്രസന്റിന് നേരിട്ട് മറ്റൊരു രാജ്യത്തേക്ക് സഹായം നല്‍കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനും കരാറില്‍ ഏര്‍പ്പെടാനാകില്ല. എന്നാല്‍ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കില്‍ ഇനിയും അറിയിക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അനുമതി വേണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പദ്ധതി നടത്തിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയോ പദ്ധതി നിര്‍ത്തിവയ്ക്കുകയോ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്താലും അത് സംസ്ഥാന സര്‍ക്കാരിന് ഏല്ക്കുന്ന കനത്ത തിരിച്ചടി ആയിരിക്കും.
റെഡ്ക്രസന്റുമായി ചേര്‍ന്നുള്ള ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ നല്‍കിയതിന് യുണിടാക് കമ്പനിയില്‍ നിന്നും ഒരുകോടി കമ്മീഷന് ലഭിച്ചുവെന്ന് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയോടെയാണ് സംഭവം പുറത്ത് വരുന്നത്. നാലേകാല്ക്കോടിരൂപ കമ്മീഷന് നല്‍കിയതായി നിര്‍മാണ കമ്പനിയായ യുണിടാക്കും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: