കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോയിലെ ജനറല്‍ മാനേജര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതോടെ സപ്ലൈകോ ഔട്ട്ലെറ്റ് അടച്ചിടുകയും ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സപ്ലൈകോയിലെ 11 ജീവനക്കാരാണ് നിരീക്ഷണത്തിലായത്.
കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ഓണച്ചന്തയുടെ ചുമതല ജനറല്‍ മാനേജര്‍ക്കായിരുന്നു. എം.പിയാണ് ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓണച്ചന്തയും പൂട്ടി. ഇവിടെ ജോലി ചെയ്ത ആറ് ജീവനക്കാരും ക്വാറന്റൈനില്‍ പോയി.
ഓണത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ ജനറല്‍ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോയും ഓണച്ചന്തയും പാവപ്പെട്ടവരെ നിരാശയിലാഴ്ത്തി. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്നവര്‍ക്ക് ഓണമാഘോഷിക്കാന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സപ്ലൈകോയും ഓണച്ചന്തയുമാണ് ആശ്രയം. ഇനി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കാസര്‍കോട് നഗരത്തില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം ഗള്‍ഫ് ബസാറിലുള്ള സപ്ലൈകോ മാത്രമാണുള്ളത്. ഇവിടെ വന്‍ തിരക്കാണെന്ന് മാത്രമല്ല ആളുകളെ അകത്തേക്ക് കടത്തിവിടുന്നതിന് കടുത്ത നിയന്ത്രണങ്ങളുമുണ്ട്.
ഒരേ സമയം അഞ്ചുപേരെ വീതം മാത്രമാണ് അകത്തേക്ക് കടത്തുന്നത്. ഈ അഞ്ചുപേര്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് വന്നാല്‍ മാത്രമേ തുടര്‍ന്ന് അഞ്ചുപേര്‍ എന്ന ക്രമത്തില്‍ കടത്തിവിടുന്നുള്ളൂ. ഇതിനായി പുറത്ത് മണിക്കൂറുകളോളം കാത്തിരിക്കണം. ക്യൂനിന്ന് മടുത്ത് സാധനങ്ങള്‍ വാങ്ങാതെ പല ഉപഭോക്താക്കള്‍ക്കും തിരിച്ചു പോകേണ്ടിവരികയാണ്.
പുതിയ ഓണച്ചന്ത നടത്താന്‍ ആരും മുന്നോട്ടുവന്നിട്ടില്ല. ഇത്തവണ ഇനി കാസര്‍കോട്ട് ഓണച്ചന്ത ഉണ്ടാകുമോയെന്ന സംശയത്തിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: