അടിമാലി: രണ്ട് ദിവസം മുമ്പ് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ പൂപ്പാറ സ്വദേശിയായ തോട്ടം തൊഴിലാളിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ട് വന്നത്. രോഗിയുടെ കാലിന്റെ അസ്ഥി പൊട്ടി പുറത്തുവന്ന അവസ്ഥയിലായിരുന്നു.
രോഗിക്ക് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പായി രോഗികളുടെ കൊറോണ പരിശോധന അനിവാര്യമായ സാഹചര്യത്തെ തുടര്‍ന്നു രോഗിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.
വ്യാഴാഴ്ച രോഗിയുടെ കൊറോണ പരിശോധനാഫലം വന്നിരുന്നു, നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അന്നേദിവസം ആറുമണിക്ക് ശേഷം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് തയ്യാറാവുകയും അനസ്‌തേഷ്യ നല്‍കുന്നതിനായി ഡോക്ടറോട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ ആറുമണിക്ക് ശേഷം സര്‍ജറി ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്. വാക്കേറ്റം വഷളായതോടെ കാലിന് പരിക്ക് പറ്റിയ രോഗിയെ ഈ ഹോസ്പിറ്റലില്‍ നിന്ന് റഫര്‍ ചെയ്യാന്‍ ഓര്‍ത്തോ വിഭാഗം ഡോക്ടറോട് സൂപ്രണ്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇതിന് മുതിരാതെ ഇരുന്നതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് തന്നെ കാലിന് ഗുരുതരമായി പരിക്ക്പറ്റിയ രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിന് വേണ്ടി ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ ശസ്ത്രക്രിയ നിഷേധിച്ച വനിതാ ഡോക്ടറുടെ നടപടി ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: