രാജാക്കാട്: പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം കാലംതെറ്റി പൂവിട്ട നീലക്കുറിഞ്ഞി പൂക്കള്‍ സഞ്ചാരികള്‍ പറിച്ചെടുക്കുന്നതായി പരാതി. കൊറോണ മാനദണ്ഡം പോലും പാലിക്കാതെ ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനാളുകളാണ്.
കഴിഞ്ഞമാസമാണ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി 2018-ലായിരുന്നു ഇതിന് മുമ്പ് പൂവിട്ടത്. അന്ന് പെയ്ത കനത്ത മഴയും പ്രളയവും നീലക്കുറിഞ്ഞി പൂവിടുന്നതിനെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ കൊളുക്കുമല പോലുള്ള സ്ഥലങ്ങളില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.
മുമ്പ് പൂവിട്ടതായി റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലത്താണ് ഇപ്പോള്‍ വ്യാപകമായി കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. വിദ്ഗധര്‍ ഇത് നീലക്കുറിഞ്ഞിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പൂക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ വനംവകുപ്പോ പോലീസോ ഇതുവരെ തയാറായിട്ടില്ല. താഴെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സ്ഥലത്തേക്ക് നടന്നാണ് സഞ്ചാരികളെത്തുന്നത്. കാഴ്ച കണ്ടതിന് ശേഷം മടങ്ങുന്നവരാണ് ചുവടോടെ പോലും ചെടികള്‍ പറിച്ചെടുക്കുന്നത്.
നീലക്കുറിഞ്ഞി പറിക്കുന്നത് 2000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുമ്പ് ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ ഇത്തരത്തില്‍ പൂക്കള്‍ പറിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലം പൂപ്പാറയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താനായിട്ടില്ല. തമിഴ്നാടിന്റെ പരിധിയിലുള്ള സ്ഥലത്തും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ഇതിനാല്‍ തന്നെ മുഖാവരണം പോലും ധരിക്കാതെയാണ് ഇവിടെ സഞ്ചാരികള്‍ അധികവും എത്തുന്നത്. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന പരാതിയും വ്യാപകമാണ്.
നിലവില്‍ ഇതര ജില്ലകളില്‍ നിന്ന് പോലും സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്ത് മടങ്ങുകയാണ്. പൂക്കള്‍ വാടിയ ശേഷം ഇവ കൊഴിഞ്ഞാണ് അടുത്ത സീസണില്‍ വിരിയാനുള്ള വിത്തുകള്‍ ഉണ്ടാകുന്നത്. ഇത് മണ്ണില്‍ വീണ ശേഷം അടുത്ത മഴക്കാലത്താണ് സാധാരണയായി മുളയ്ക്കുക. നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ 2018ല്‍ പൂവിടുന്നത് കുറഞ്ഞതിനാല്‍ ഇവിടെ ചെടികള്‍ നട്ട് പിടിപ്പിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം തോണ്ടിമലയില്‍ തുടരുന്നത്. കൊറോണ ഡ്യൂട്ടിയായതിനാല്‍ പോലീസ് ഉദ്യോഗസ്ഥരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല. ശാന്തമ്പാറ പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ടതാണ് സ്ഥലം.
സ്ഥലം റവന്യൂ ഭൂമി: ഡിഎഫ്ഒ
പൂപ്പാറ തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂത്ത സ്ഥലം വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയല്ലെന്നും ഇത് റവന്യൂ ഭൂമിയാണെന്നും മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന് ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ സംരക്ഷണം ഒരുക്കേണ്ടത് റവന്യൂ അധികൃതരാണ്. പൂക്കള്‍ പറിച്ചെടുക്കുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: