കാഞ്ഞങ്ങാട്: സെക്രട്ടറിയേറ്റിലെ അതീവ സുരക്ഷാ ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത് മന്ത്രി കെ.ടി.ജലീലിനെ രക്ഷിക്കാനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആരോപിച്ചു. യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കാറ്റി സംഘടിപ്പിച്ച ആര്.ഡി.ഒ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്.
സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ദുരൂഹമായ തീപിടുത്തത്തെ തുടര്‍ന്ന് സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട നിരവധി അതി സുരക്ഷാ ഫയലുകള്‍ നഷ്ട്ടപ്പെട്ടതായി അറിയുന്നു. വാര്‍ത്തകേട്ട് അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനേയും സഹപ്രവര്‍ത്തകരേയും സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. പ്രതിഷേധിച്ചപ്പോള്‍ പോലിസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതുപ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതൊക്കെയും ദുരൂഹമാണ്. എന്തോ മറച്ചുവെയ്ക്കാനാണ്.
മന്ത്രി കെ.ടി.ജലീലിന്റെ പ്രൊട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട യുഎഇ കോണ്‍സുലേറ്റിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന പെട്ടികള്‍, സ്വര്‍ണ്ണ കള്ളകടത്തിലെ മന്ത്രിയുടെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ കത്തിയമര്‍ന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, സ്വപ്ന സുരേഷും, റമീസും അടക്കമുള്ളവരുടെ സെക്രട്ടറിയേറ്റിലെ സന്ദര്‍ശനം വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും മുന്‍പ് ഇതേ രീതിയില്‍ നശിപ്പിച്ചിരുന്നു. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള സെക്രട്ടറിയേറ്റില്‍ ഇടിമിന്നലേറ്റാലോ തീപിടുത്തമുണ്ടായാലോ കത്തി നശിക്കാത്ത സംവിധാനമുണ്ട്. ഒരിക്കലും ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം തീപിടുത്തമുണ്ടാകില്ല. ഇവിടെ തീപിടുത്തമുണ്ടായെങ്കില് അത് ബോധപൂര്‍വ്വം തീവെച്ചതായിരിക്കുമെന്നാണ് വിദഗ്ദ്ധന്മാരുടെ അഭിപ്രായം. ഈ രീതിയില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ഉള്‍പ്പെട്ട സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം മറ്റൊരു കുറ്റകൃത്യമാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവു നശിപ്പിക്കലിനും ഗൂഢാലോചനയ്ക്കും കേസ്സെടുക്കണം. കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ സംസ്ഥാനം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. അഴിമതിയുടെ പര്യായമായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുന്നതു വരെ ബിജെപി സമര രംഗത്തുണ്ടാവുമെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുണ്ടാവണമെന്നും എ.വേലായുധന് ആഹ്വാനം ചെയ്തു.
പ്രതിഷേധ മാര്‍ച്ചിന് യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എന്‍.കെ.രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ബാല്‍രാജ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, സി.കെ. വന്‍സലന്‍ എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: