തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ അസ്വഭാവികമായി ഒന്നും ഇല്ലെന്ന നിഗമനത്തിലേക്ക് പോലീസ്. ഫാന്‍ കറങ്ങിയുണ്ടായ ചൂടുകൊണ്ട് പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കര്‍ട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണു. ഇതേത്തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ആധികാരികമാണെന്നാണ് പോലീസിന്റെയും നിഗമനം.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരേയും ആരോപണം ഉയരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തന്നെ തീപിടിത്തമുണ്ടാകുന്നത്. ഇതിനെതിരെ അന്വേഷണത്തിനായി സംസ്ഥാന വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപിടിത്തത്തിനു കാരണം ഫാനിന്റെ തകരാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പോലീസും നീങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഇതോടെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. തീപിടിത്തമുണ്ടായ മുറി അടഞ്ഞുകിടക്കുകയായിരുന്നു. അസ്വഭാവികമായി ഒന്നും തന്നെ ഇതില്‍ ഇല്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്.
തീപിടിത്തം ഉണ്ടാകുന്നതിനു മുന്‍പ് ആ പരിസരത്ത് പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുറി അടഞ്ഞുകിടക്കുകയായിരുന്നു. അപകടത്തിനു മുമ്പ് അവിടേയ്ക്ക് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങള്‍ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്.
എന്നാല്‍ കത്തി നശിച്ചതായി പറയുന്ന ഫയലുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ഇഫയല്‍ ആണെന്ന് നേരത്തെ അറിയിച്ചെങ്കിലും അത് പേപ്പര്‍ രേഖകള്‍ തന്നെ ആയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പട്ട രേഖകളാണ് ഇത്. പ്രധാനപ്പെട്ട ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥരില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: