ഉദുമ: കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയര്‍പ്പിന്റെ വിലയാണ് 2.6 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പച്ചക്കറി പാടം. രണ്ടേക്കറില്‍ ഹൈബ്രീഡ് വെണ്ട, ബാക്കി സ്ഥലത്ത് കക്കരി, മത്തന്‍, കുമ്പളം, മധുരക്കിഴങ്ങ്, തുടങ്ങി വിവിധയിനം പച്ചക്കറികള്‍.
ഒന്നില്‍ പോയാല്‍ മറ്റൊന്നില്‍ നേടാമെന്ന ചങ്കുറപ്പിലാണ് ഇവര്‍ അഞ്ചാം കൊല്ലവും ഇതേ സ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. പള്ളിക്കര പനയാല്‍ മുതുവത്തെ ഹരിത മിത്ര സ്വയം സഹായ സംഘത്തിലെ എം.ശാന്ത, എം. കാര്‍ത്യായനി, എ. രാധാ, എ. കാര്‍ത്യായനി, എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്കെത്തിക്കുന്നത്. വെണ്ട നട്ട ചാലിന് മണ്ണിടാന്‍ മാത്രമാണിവര്‍ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്.
വേഗത്തില്‍ കള നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ വിളിച്ച തൊഴിച്ചാല്‍ ബാക്കി കൃഷിപ്പണികളൊക്കെ ഈ നാല്‍വര്‍ സംഘം തന്നെ ചെയ്തു വരുന്നു. പണിക്കാര്‍ക്ക് കൂലി കൊടുക്കാനുള്ള തുക വെണ്ടയുടെ ഇടയില്‍ നട്ട ചീര വിറ്റ് ഉണ്ടാക്കി. വെണ്ട വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു. മുന്‍ കാലങ്ങളിലെ അനുഭവം വെച്ച് ഓണക്കാലമാകുമ്പോള്‍ ഒന്നിടവിട്ട ദിവസം 300 കിലോ വെണ്ടയ്ക്ക പറിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഈ അമ്മമാര്‍.
കിലോക്ക് 40 രൂപ തോതില്‍ വാങ്ങാന്‍ പാടത്തു തന്നെ ആളെത്തുന്നുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. നാല് പേര്‍ക്കും പശുവളര്‍ത്തലുണ്ട്. ഇതിനു പുറമെ പാക്കം പാടം വയലില്‍ നെല്‍ കൃഷി ചെയ്യുന്നു. നെല്‍കൃഷി വിളവെടുത്തു കഴിഞ്ഞാല്‍ ആ വയലില്‍ പയറും, ചീരയും, വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിര്‍ക്കും. പെണ്മക്കളെ കെട്ടിച്ചയക്കാനും, മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിര്‍പ്പുകള്‍ തങ്ങളുടെ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു.
ഇവര്‍ക്കാവശ്യമായ സഹായവും, ഉപദേശങ്ങളുമായി കൃഷി ഓഫീസര്‍ കെ.വേണുഗോപാലനും, മറ്റ് ജീവനക്കാരും എപ്പോഴുമോടിയെത്താറുണ്ടെന്ന് വീട്ടമ്മമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: