തൃശൂര്‍: പാവറട്ടി ഏനാമാക്കല്‍ ഇറിഗേഷന്‍ ഓഫീസ് കാടുകയറി നശിക്കുന്നു. ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍, രണ്ട് ഓവര്‍സീയര്‍, ഒരു ലാസ്ക്കര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ജോലി ചെയ്യുന്നതായി രേഖയില്‍ ഉള്ളത്. എല്ലാവരുടെയും പ്രൊഫഷണല്‍ ടാക്സ് കൃത്യമായി വെങ്കിടങ്ങ് പഞ്ചായത്തില്‍ അടക്കുന്നുണ്ട്. 1995 ല്‍ ടി.എം.ജേക്കബ് ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന കാലത്താണ് കര്‍ഷകരുടെ താല്പര്യാര്ത്ഥം തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഏനാമാക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മുല്ലശ്ശേരി കനാല്‍ മുതല്‍ കരുവന്നൂര്‍ പുഴ വരെയുള്ള കോള്‍ നിലങ്ങളാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തന പരിധി. കോള്‍ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ റെഗുലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയും കെഎല്‍ഡിസി കനാലില്‍ കൂടി കൃഷിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുകയുമാണ് ഏനാമാക്കല്‍ ഇറിഗേഷനിലൂടെ നടപ്പാക്കുന്നത്. ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് വെങ്കിടങ്ങ് പഞ്ചായത്തില്‍ ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം നെഹ്റു പാര്‍ക്കിനടുത്തായി സ്വന്തമായി സ്ഥലവും ഉണ്ടെങ്കിലും ഉദ്യോഗസ്ഥരാരും ഈ ഓഫീസിലേക്ക് വരാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തൃശൂര്‍ ഇറിഗേഷന്‍ സബ് ഡിവിഷനോട് ചേര്‍ന്ന് ഒരു മുറിയെടുത്താണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. ഏമാനക്കല് റെഗുറേറ്ററിലെ വാട്ടര്‍ ലവല്‍ രേഖപ്പെടുത്താന്‍ മാത്രമായി ലാസ്ക്കര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഇടയ്ക്ക് വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഈ സ്ഥാപനം മാറിയിരിക്കുകയാണ്. അടുത്ത കാലത്തായി ഇവിടെ സ്ഥാപിച്ചിരുന്ന ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ഷകരുടെ താല്പര്യാര്ത്ഥം ഈ ഓഫീസ് ഏനാമാക്കലില്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: