തൊടുപുഴ: കുമാരമംഗലത്തെ എംകെഎന്‍എം ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന സുധാകരന് മാഷി(സുധാകരന് പി.റ്റി) ന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട്. കാല്‍നൂറ്റാണ്ടിന്റെ അടുത്ത് അധ്യാപക രംഗത്ത് ജോലി ചെയ്ത അദ്ദേഹത്തിന് ബൃഹത്തായ ശിക്ഷ്യഗണങ്ങളുണ്ടായിരുന്നു. ദേഹവിയോഗ വാര്‍ത്ത പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. ചുറുംചുറുക്കും എന്ത് ജോലി ചെയ്യാനുള്ള താല്പര്യവും തന്നെയായിരുന്നു മറ്റുള്ളവരില്‍ നിന്ന് മാഷിനെ വ്യത്യസ്തനാക്കിയത്. ഇത്രയും ജനകീയനും പരോപകാരിയും സഹൃദയനുമായ വ്യക്തി കുമാരമംഗലം ഗ്രാമത്തില്‍ തന്നെ അധികം ഉണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് എത്തിയത്. പെരിമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരത്തെ സാന്ദീപനി ശിശുമന്ദിരം യുപി സ്കൂളിന്റെ തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഈ ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചു.
കാല് നൂറ്റാണ്ട് മുമ്പ് പാരലല്‍ കോളേജ് അധ്യാപകനായി ആണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 2000ത്തോടെ കുമാരമംഗലം സ്കൂളില്‍ അധ്യാപകനായി കയറി. എന്ത് ജോലിയും ചെയ്യാന്‍ ഒരു മടിയുമില്ലാത്ത അദ്ദേഹം സ്കൂളിലെ വാഹനവും ഓടിച്ചിരുന്നു. കുട്ടികളെ ശാസിക്കുന്ന അധ്യാപകനായിരുന്നെങ്കിലും കാരണമില്ലാതെ ആരെയും വഴക്ക് പറയാറില്ലെന്ന് അദ്ദേഹത്തിന്റെ ശിക്ഷ്യരും ഓര്‍ക്കുന്നു. പഠനത്തില്‍ പിന്നോട്ടുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധ നല്കി പഠിപ്പിക്കാനും മുന്നിലെത്തിക്കാനും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുണ്ടായിരുന്നു.
നാഷണല്‍ ടീച്ചേഴ്സ് യൂണിയനില്‍ അംഗം, സാന്ദീപനി ശിശുമന്ദിരം സ്കൂള്‍ സെക്രട്ടറി, ആദ്യകാലത്ത് പെരുമ്പിള്ളിച്ചിറ സംഘ ശാഖയിലെ മുഖ്യ ശിക്ഷക് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: അഭിഷേക് തൊടുപുഴ സ്വകാര്യ സ്ഥാപനത്തില്‍ ജീവക്കാരനാണ്. മകള്‍: അക്ഷിത കുമാരമംഗലം സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: