സന്ത്പദ്ധതിയുടെ ഭക്തിവിഭൂതി ഉത്തരഭാരതത്തിന്റെ സ്വാത്മപ്രകാശനമായിരുന്നു. നവചൈന്യവും പ്രബുദ്ധതയുമായി പതിനാലും പതിനഞ്ചും ശതകത്തിലാണ് അത് തരംഗിതമായത്. സിദ്ധാന്ത സന്തര്പണത്തിന് സ്വയം നിയോഗിക്കപ്പെട്ടവരാണ് മഹാചാര്യനായ രാമാനന്ദും ശിഷ്യപ്രമുഖനായ സേനായും. നഭാദാസിന്റെ ‘ഭക്തമാല്’ എന്ന ശ്രേഷ്ഠഗ്രന്ഥം അവരുടെ ജീവന വിശുദ്ധികൗതുകം പ്രകീര്‍ത്തിക്കുന്നു. രാമാനുജാചാര്യന്റെ ശിഷ്യഗണങ്ങളില്‍ പ്രഥമസ്ഥാനീയനാണ് രാമാനന്ദ്.
1356 ല്‍ പ്രയാഗിലെ കന്യാകുബ്ജത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. കാശിയില്‍ രാമാനുജാചാര്യ പരമ്പരയിലെ രാഘവാനന്ദിന്റെ ആത്മീയ ശിക്ഷണമാണ് രാമാനന്ദിലെ രാമനെ ഉണര്‍ത്തിയെടുക്കുന്നത്. കാശിയായിരുന്നു രാമാനന്ദിന്റെ ആശയമൂശയുടെ പ്രഭവകേന്ദ്രം. രാമമന്ത്രത്തിന്റെ സാധനാപര്വത്തിലൂടെ സഞ്ചരിച്ച് അയോധ്യാരാമന് തന്നെ ആത്മാരാമന്, എന്ന വിഭൂതി പ്രത്യക്ഷത്തിലായിരുന്നു ഉദാത്തമായ രചനകള്‍. ഇവയില്‍ പലതും നഷ്ടപ്പെട്ടെങ്കിലും വീണ്ടെടുത്ത ‘പദങ്ങള്‍’ പ്രേമഭക്തിയുടെയും വിശ്വസ്നേഹ വൈഭവത്തിന്റെയും അനശ്വരഖനിയാണ്. വിഷ്ണുവിഭൂതി ജനിപ്പിക്കുന്ന അറിവിന്റെ ആ അമൃതധാര മനുഷ്യനെ മനുഷ്യ
നാകാന്‍ പ്രേരിപ്പിക്കുന്നു. ആത്മസംശോധനത്തിന്റെയും ഭാഗവതപ്രത്യയങ്ങളുടെയും അനുഭവ തരംഗത്തില്‍ രാമാനന്ദിന്റെ യാത്രാപഥം ദിവ്യതയാര്ജിച്ചു. ശിഷ്യന്മാരുമൊത്തുള്ള ആചാര്യന്റെ ക്ഷേത്രായനങ്ങള്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെയും സംസ്കൃതിമൂല്യങ്ങളുടെയും ശംഖനാദമായി. താരകമന്ത്രത്തിന്റെ സാധനാമാര്‍ഗത്തിലൂടെ ‘സ്വയം സാക്ഷാത്ക്കരിക്കുക’ എന്ന അമൃതവചനത്തിന്റെ വിലോഭനീയമായ വാതായനമാണ് രാമാനന്ദ് തുറന്നു വെച്ചത്. സുദീര്‍ഘമായ ആ അലൗകിക ജീവിതയാത്ര രാമപഥം പൂകുന്നത് 1464 ലാണ്.
സന്ത്സിദ്ധാന്തത്തിന്റെ നവചൈതന്യവും പ്രബുദ്ധതയും ധാരാപ്രവാഹമായി പ്രയാണം തുടര്‍ന്നത് രാമാനന്ദിന്റെ ശിഷ്യഗണങ്ങളായിരുന്നു. സേനാ അന്താനന്ദ്, കബീര്‍ സുഖാനന്ദ്, പധാവത്, സുര്സുരാ, നരഹരി തുടങ്ങിയ യോഗികള്‍ രാമാനന്ദിന്റെ ദര്ശനശ്രേണിയില് പ്രകാശം പരത്തിയവരാണ്. രാമായണത്തിന്റെ ധര്മസരണിയും ഭഗവദ്ഗീതയോതുന്ന നിഷ്ക്കാമ കര്‍മവും ഭേദബുദ്ധിക്കതീതമായ ദര്‍ശനവും നേടി സന്ത്ഭക്തിമാര്ഗത്തിന്റെ ത്യാഗോജ്വല സരണിയില്‍ അഗ്രിമസ്ഥാനം നേടുകയാണ് യോഗി സേനാ. ഐതിഹ്യങ്ങളും ആവേശോജ്ജ്വലമായ പഴങ്കഥകളും ബാംധോഗഢ് നരേശന്റെ സേവകനായ സേനായുടെ വിശുദ്ധജീവിതത്തിന് പരിവേഷം ചാര്‍ത്തുന്നു. പണ്ഡര്‍പൂരിലെ ഭഗവാന് വിഠല്നാഥന്റെ ഭക്തനെന്ന നിലയില്‍ പ്രചരിക്കുന്ന ഐതിഹ്യങ്ങളും മറാത്തി ഭാഷയിലുണ്ടായ അഭംഗുകളും സേനായുടെ പ്രേമഭക്തിയുടെ മാധുര്യമോതുന്നു. സേനായുടെ ഹിന്ദി സാഹിത്യത്തിലുള്ള സൃഷ്ടികള്‍ ജീവിതമൂല്യങ്ങളുടെ സന്തര്പണ സമാഹാരമാണ്. ഭക്തിമുക്തിയുടെ ത്യാഗവൈഭവമായ അറിവുകളും വിഭൂതിയത്നങ്ങളുമാണ് സേനയെ സന്ത്പദ്ധതിയുടെ സേനാപതിയാക്കുന്നത്. ആദ്യകാലം വാര്‍ക്കരി സമ്പ്രദായത്തിന്റെ സഹയാത്രികനായിരുന്നു ഈ യോഗിയെന്ന് ‘ഗ്രന്ഥ് സാഹിബി’ല്‍ സൂചനയുണ്ട്. ഭക്തിധാരയുടെ സമഗ്രസേവാ നിരതനായ സേനാ 1505 ലാണ് കാലഗതി പ്രാപിക്കുന്നത്.
സന്ത്സമ്പ്രദായത്തിന് പില്ക്കാലം ദാദൂവന്ത്, കബീര്‍പന്ത്, ദരിയാപന്ത് എന്നിങ്ങനെയുള്ള ഉപദര്ശനങ്ങള് ഉണ്ടായെങ്കിലും ഭക്തികര്മങ്ങളുടെ ആ സുധാരസം കാലത്തില്‍ അന്തര്‍ധാരയായി ഒഴുകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: