തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്മ്മാണക്കരാറിലെ അഴിമതിക്ക് പിന്നാലെ പണിയുന്ന ഫ്ളാറ്റിന്റെ നിലവാരമില്ലായ്മയും എതിര്പ്പിനിടയാക്കുന്നു. നഗരസഭക്കും സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമില്ലെന്ന നിലപാടായതിനാല്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിലും വന്‍ക്രമക്കേടാണ് നടക്കുന്നതെന്നാണ് ആക്ഷേപം. പണിയുടെ ഗുണ നിലവാരം പരിശോധിക്കാനോ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനോ ആളില്ല. ഭൂകമ്പ സാധ്യത പ്രദേശത്ത് ആവശ്യമായ അടിത്തറയൊരുക്കാതെയാണ് നിര്‍മ്മാണമെന്നും പരാതിയുണ്ട്.
250 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ഫ്ളാറ്റ് സമുച്ചയം യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ പണിയുന്നത് നൂറുകണക്കിനാളുകളുടെ ജീവന് അപകടത്തിലാക്കും. സാധാരണ നിലയില്‍ ലൈഫ് മിഷന്റെ നിര്‍മ്മാണച്ചുമതലയും മേല്‍നോട്ടവും വഹിക്കുന്നത് നഗരസഭയാണ്. ഇവിടെ തങ്ങള്‍ക്കൊന്നുമറിയില്ല എന്ന നിലപാടില്‍ മാറിനില്‍ക്കുകയാണ് നഗരസഭ. ആവശ്യത്തിന് കമ്മീഷനും മറ്റും കിട്ടയതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിശോധിക്കാനെത്തുന്നില്ല.
അടിയന്തരമായി വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ബിജെപി
തൃശൂര്‍ :വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ കരാറില്‍ മാത്രമല്ല നിര്‍മ്മാണത്തിലും അഴിമതിയെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷണന്. ഭൂകമ്പ, ഉരുള്‍പൊട്ടല്‍ മേഖലയില്‍ ബഹുനില കെട്ടിടം പണിയുന്നതിന്റെ യാതൊരു സാങ്കേതിക മികവും, പരിശോധനയും ഇല്ലാതെയാണ് പാര്‍പ്പിട സമുച്ചയം പണിയുന്നത്. സോയില്‍ ടെസ്റ്റും, എക്സ്പര്‍ട്ട് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതൊന്നും നടത്തിയിട്ടില്ല. അടിത്തറ ശക്തമല്ലെന്നും ആഴം കുറവായിട്ടാണ് പണിഞ്ഞതെന്നും സമീപത്തെ ദൃക്്സാക്ഷികള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ആര്‍ക്കാണ് ഈ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. സര്‍ക്കാരിനല്ലെന്ന് പറയുമ്പോള്‍ പിന്നെ ആരാണ് പാവപ്പെട്ടവരുടെ ജീവന് ഉത്തരവാദിത്വമേല്ക്കുകയെന്നും ഗോപാലകൃഷണന് ചോദിച്ചു. ഏതോ സബ്ബ് കോണ്ട്രാക്ടര് തനിക്ക് ഇഷ്ടമുള്ള പോലെ പണിയുന്നതാണോ സര്‍ക്കാരിന്റെ പാര്‍പ്പിടം. അടിയന്തിരമായി വിദഗ്ധ സമിതി പരിശോധന നടത്തി അപാകതകള്‍ പരിഹരിക്കണം.
ലൈഫ് മിഷന് അഴിമതിയുടെ പര്യായം
കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന് പദ്ധതി കേരളത്തിലെ പാവപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അഴിമതിയുടെ പര്യായമായി മാറുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനായുള്ള ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷനും കൈക്കൂലിയും വന്‍തോതില്‍ ഒഴുകി. ദുബായില്‍ പോയി ചെയ്ത കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ കൊടുത്ത വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യുമെന്നും പി.സി. തോമസ് അറിയിച്ചു.
കേരള മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയിലാണ്. സ്വപ്ന, ശിവശങ്കര്‍, കള്ളക്കടത്ത്, സ്വര്‍ണം, എന്നിവ തന്നെയാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍. മലയാളികള്‍ ലോകത്തെങ്ങും ജോലി ചെയ്ത് നേടിയെടുത്ത പേര് നശിക്കുകയാണ്. സ്വപ്ന ഭൂമിയായിരുന്ന കേരള നാട് ഇനി സ്വപ്നയുടെയും ശിവശങ്കറിന്റെയും പിണറായിയുടെയും നാട് എന്ന് അറിയപ്പെടാന്‍ പോവുകയാണോയെന്നും തോമസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: