പ്രജാക്ഷേമ നിരതനായ ആ ഭരണാധികാരിയുടെ കര്‍മോത്സുകതയും ത്യാഗ സുരഭില ജീവിതതത്വ ശാസ്ത്രവും കൂടിച്ചേര്‍ന്ന് മധുരം വിളമ്പുന്ന ഉത്സവദിനങ്ങളാണ് പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണ നാളുകള്‍. മനസ്സും പ്രകൃതിയും ഒരുപോലെ സൗന്ദര്യാനന്ദങ്ങളാല്‍ നിറകതിരണിയുന്ന നാളുകള്‍. അത്തം പിറന്നാല്‍ പത്താം നാളാണ് പൂര്‍വ സ്മൃതികളുണര്‍ത്തുന്ന തിരുവോണം. അന്ന് മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ സര്‍വമംഗള സിദ്ധി. ഉത്രാട നക്ഷത്രം ഉദിച്ചാല്‍ 28 ദിനങ്ങളിലായിരുന്നു പഴയകാലത്തെ ഓണാഘോഷം. ജീവിത തിരക്കുകളുടെ ഗതിവേഗം വര്‍ധിച്ചപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം ചുരുങ്ങിയെങ്കിലും ഊഷ്മളതയ്ക്ക് ഭംഗമുണ്ടായില്ല. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ മുന്‍പ് മലനാട് വാണിരുന്ന പൊന്നുതമ്പുരാനെ പ്രകീര്‍ത്തിച്ച് കേരളീയരുടെ കണ്ഠങ്ങളില്‍നിന്നും തടവെന്യേ പ്രവഹിച്ച ഓണപ്പാട്ട് ആയിരമായിരം ഹൃദയങ്ങളില്‍ ഒരു പുത്തന്‍ യുഗത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തും.
പ്രഹ്ലാദന്റെ കൊച്ചുമകനായി വിഷ്ണുഭക്തന്മാരായ അസുരകുലേശ്വരന്മാരുടെ വംശത്തെ അലങ്കരിച്ച മഹാബലിയാണ് കേരളീയരുടെ പൂര്വസ്മൃതികളിലെ പൊന്നു തമ്പുരാന്. ഭൗതിക സാഹചര്യങ്ങള്‍ എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളവും ചതിയും കൊലപാതകങ്ങളും അരങ്ങു തകര്‍ക്കുന്ന കാപട്യത്തിന്റെ ഈ സ്വന്തം യുഗത്തില്‍പ്പോലും മധുരിപ്പിക്കുന്ന പ്രതീക്ഷകള്‍ പകര്‍ന്ന് ആദര്‍ശ ചക്രവര്‍ത്തിയുടെ ഭരണ നേട്ടങ്ങള്‍ ചിങ്ങമാസ നിലാവില് കടന്നുവരുന്നു. കേരളത്തിനുള്ളിലിരുന്നാലും പുറത്തു വസിച്ചാലും മലയാളിയുടെ ഹൃദയമണി ഗൃഹങ്ങളുടെ തിരുമുറ്റത്ത് അത് പൂക്കളം തീര്‍ക്കുന്നു. മാവേലി മന്നന്റെ പൂജാമൂര്ത്തിയായ തൃക്കാക്കരപ്പന്റെ വരവേല്‍പ്പിനായി ഊഞ്ഞാല് പാട്ടുകളും തുമ്പി തുള്ളലും തിരുവാതിരകളിയും തലപ്പന്തും ഓണത്തല്ലും കുമ്മാട്ടിയും വള്ളംകളിയുമെല്ലാം അമൃതവര്‍ഷമായി പെയ്തിറങ്ങുന്നു. കാലഘട്ടത്തിന്റെ പ്രതികൂല ഭാവങ്ങള്‍ക്കു നടുവിലും നിരാശ കൂടാതെ സുധീരം മുന്നേറാന്‍ അത് കരുത്തു പകരുന്നു.
മനുഷ്യരെയെല്ലാവരേയും ഒരുപോലെ സ്നേഹിക്കുകയും തുല്യ നീതി ഏവര്‍ക്കും ഉറപ്പുവരുത്തുകയും എല്ലാപേര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ വളര്‍ത്തുകയും ചെയ്ത മാവേലി മന്നനെയാണ് നമുക്ക് വേണ്ടത്. മുത്തശ്ശിമാരോടൊപ്പം നമുക്കും മാവേലിത്തമ്പുരാന്റെ മഹിമകള്‍ പാടാം.
”മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”
ഡോ. പൂജപ്പുര കൃഷ്ണന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: