ചേര്‍ത്തല: ആലപ്പുഴക്കാരന്റെ വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ്വെയറിന് കേന്ദ്രസര്‍ക്കാരിന്റെ കൈയ്യടി. ലഭിച്ചത് കൈ നിറയെ സമ്മാനങ്ങള്‍. മത്സ്യത്തൊഴിലാളി കുടുംബാംഗമായ പാതിരപ്പള്ളി പള്ളിക്കത്തയ്യില്‍ സെബാസ്റ്റ്യന്റേയും മേരിയുടെയും മകനായ ജോയിയാണ് സുവര്‍ണനേട്ടം കൊയ്തത്. വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചലഞ്ചിലാണ് ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജോയിയുടെ ടെക്ജന്‍ഷ്യ കമ്പനി ഒന്നാമതെത്തിയത്. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.
ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലുള്ള കമ്പനികളെ പിന്തള്ളിയാണ് വിജയകിരീടമണിഞ്ഞത്. 150 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വി കണ്‍സോള്‍ സോഫ്റ്റ്വെയറാണ് തയ്യാറാക്കിയത്. 50 പേര്‍ക്ക് പങ്കെടുക്കാനും 100 പേര്‍ക്ക് കാണാനും കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചത്. ആദ്യ മുപ്പത് കമ്പനികളിലൊന്നായപ്പോള് അഞ്ച് ലക്ഷം രൂപയും ആദ്യ മൂന്നിലെത്തിയപ്പോള്‍ 20ലക്ഷവും ലഭിച്ചിരുന്നു. കടലിനോട് മല്ലിട്ട് ജീവിതത്തിന്റെ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട ജോയിക്ക് രാജ്യം മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ടീമിന്റെ കൂട്ടായ കഠിനാദ്ധ്വാനത്തിന് ലഭിച്ച വിജയമാണിതെന്നും എല്ലാവരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നുവെന്നും ജോയി പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ആദ്യ മൂന്ന് കമ്പനികളിലെത്തിയപ്പോള് ആത്മവിശ്വാസം കൂടിയെന്നും അദ്ദേഹം പറഞ്ഞു.
എംസിഎ ബിരുദധാരിയായ ജോയി സെബാസ്റ്റ്യന്‍ 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ചെയ്താണ് 2009ല്‍ ടെക്ജെന്‍ഷ്യ കമ്പനി ആരംഭിച്ചത്.
പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. അപ്പോഴും സ്വന്തമായി ഒരു ഉല്പന്നത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് ജോയി പറഞ്ഞു. സുഹൃത്തുക്കളും ഐടി രംഗത്തെ വിദഗ്ദ്ധരും ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോയി വികണ്‍സോളിന് അന്തിമരൂപം നല്‍കിയത്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളില്‍ അധ്യാപികയായ ലിന്‍സിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അലന്, ജിയ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: