കല്‍പ്പറ്റ: കൊറോണ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്റ്റേഷന് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അധിക സമയം ജോലിയില്‍ ഏര്‍പെടുന്നുണ്ടെന്നും അവര്‍ക്ക് കെഎസ്ആര്‍ടിസി നല്കുന്ന ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകരമാണെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് മണിക്ക് ജോലി നിര്‍ത്തി പോകുന്ന സാഹചര്യങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. പലരും രാത്രി വൈകിയും ജോലിയില്‍ വ്യാപൃതരായതിനാല്‍ അവര്‍ക്കു കൂടി സഹായകരമായ രീതിയില്‍ കൂടുതല്‍ ബോണ്ട് സര്‍വീസുകള്‍ ജില്ലയില്‍ ആരംഭിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് സ്ഥിരയാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിച്ചത്. നിശ്ചിത ദിവസത്തേക്ക് മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന ബോണ്ട് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്. 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂട്ടി അടച്ച് കാര്‍ഡുകള്‍ എടുക്കാം. 10 ദിവസങ്ങളിലേക്കുള്ള പണമടച്ചു കാര്‍ഡ് വാങ്ങുന്നവര്‍ക്ക് തുടര്‍ന്നുള്ള ഇരുപത് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്താല്‍ മതി.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബോണ്ട് സംവിധാനം ലഭ്യമാകും. ഇവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ നിന്ന് തന്നെ ബസ് കയറാനും ഇറങ്ങാനുമുള്ള സൗകര്യമൊരുക്കും. ബസ് റൂട്ട് ആണെങ്കില്‍ ബസ് സ്റ്റോപ്പില്‍ പോവാതെ സ്വന്തം വീടിന് സമീപത്തു നിന്നും കയറാം. യാത്രക്കാര്‍ക്ക് ബസില്‍ സൗജന്യ വൈഫൈ ലഭിക്കും.
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് സൗകര്യവും ലഭിക്കും. മറ്റു യാത്രക്കാരെ ബസില്‍ അനുവദിക്കാത്തതിനാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല. നിലവില്‍ ബത്തേരിയില്‍ നിന്നും കല്പറ്റയിലേക്കാണ് ബോണ്ട് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. ബത്തേരി, പുല്പള്ളി, മാനന്തവാടി കല്‍പ്പറ്റ, പുല്പള്ളി കേണിച്ചിറ, അമ്പലവയല്‍, മീനങ്ങാടി, സിവില്‍ സ്റ്റേഷന് തുടങ്ങിയ റൂട്ടുകളിലേക്കും സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് കോഓര്‍ഡിനേറ്റര്‍ സി.കെ ബാബു അറിയിച്ചു.
ബോണ്ട് സര്‍വീസ് യാത്ര ഉപയോഗിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബോര്‍ഡ് മെമ്പര്‍ സി.എം ശിവരാമന്, നോര്‍ത്ത് സോണ്‍ സോണല്‍ ഓഫീസര്‍ സി.വി രവീന്ദ്രന്, കല്‍പ്പറ്റ എടിഒ പി.കെ പ്രശോഭ്, ബത്തേരി എടിഒ കെ.ജയകുമാര്‍, ആര്‍ടിഒ എസ്. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: