കാസര്‍കോട്: കൊവിഡ് സംസ്ഥാനത്ത് വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ നിസ്സംഗത കാരണം നഴ്സുമാരുടെ നിയമനം മെല്ലെ പോക്കില്‍. കാസര്‍കോട് 100 ഓളം ഒഴുവുണ്ടെങ്കിലും നിയമനം നടക്കുന്നില്ലെന്നാണ് പരാതി. 2017 ല്‍ നിലവില്‍ വന്ന പി.എസ്.സി സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് ഉദ്യോഗാര്‍ഥികളില്‍ ഇതുവരെ 33 നിയമനം മാത്രമാണ് നടത്തിയിരിക്കുന്നത്. അതും ആദ്രം രണ്ടംഘട്ടത്തില്‍ നടത്തിയ നിയമനമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഭരണപക്ഷ സ്വാധീനമുപയോഗിച്ച് വ്യാപകമായി താല്‍ക്കാലിക നിയമനങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്.
ജില്ലയില്‍ മൂന്നുവര്‍ഷമായി നഴ്സ് ഗ്രേഡ് 1 പ്രമോഷന് ഒഴിവുകള്‍ 60 നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം തുല്യമായി നിലനിര്‍ത്തണമെന്ന കോടതി വിധി പോലും കാറ്റില്‍ പറത്തുന്ന അവസ്ഥയാണ് കാസര്‍കോട് കാണുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്സ് ആരോപിച്ചു. ജില്ലയില്‍ മംഗല്പാടി, പനത്തടി സി.എച്ച്.സികള്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി കെട്ടിടം നിര്‍മിക്കുകയും ചെയ്തെങ്കിലും പോസ്റ്റ് ക്രിയേഷനോ സ്റ്റാഫിന്റെ നിയമനമോ നടന്നിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് 69 ഒഴിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഒഴിവുകള്‍ ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പി.എസ്.സി അധികൃതരുടെ വിശദീകരണം.
ജില്ലയിലെ 239 നഴ്സ് ഒഴിവുകളില്‍ 119 ഗ്രേഡ് 1, 120 ഗ്രേഡ് 2 നഴസുമാരെ നിയമിക്കണം. എന്നാല്‍ ജില്ലയില്വെറും 102 പേര് മാത്ര മാണ് ജോലി ചെയ്യുന്നത്. ഇത് കാരണം ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്ക് ഡബിള്‍ ഡ്യൂട്ടിയെടുക്കേണ്ട അവസ്ഥയാണ്. നിലവില്‍ 54 പ്രമോഷന് ഒഴിവുകളും, 11 ലീവ് വേക്കന്‍സികളുമുണ്ട്. ഇതിലൊന്നും നിയമനം നടത്താന്‍ ആരോഗ്യവകുപ്പ് റിപോര്‍ട്ട് നല്‍കുന്നില്ല. ഇതേ പ്രശ്നം തിരുവനന്തപുരത്തെ ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി കടകംപള്ളി ഇടപെട്ട് നിയമനം വേഗത്തിലാക്കി.
അതേസമയം കാസര്‍കോടിന്റെ കാര്യത്തില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് വഴി താല്‍ക്കാലിക നിയമനം തരാമെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രിയോ, മന്ത്രി ഇ ചന്ദ്രശേഖരന് ജില്ലയിലെ ജനപ്രതിനിധികളൊ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ മറ്റൊരു പരാതി.നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിയാന്‍ ഇനി ആറുമാസമാണുള്ളത്. ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നഴ്സ് നിയമനം വേഗത്തിലാക്കണമെന്ന് ഉദ്യോര്‍ഥികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: