കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നതും കഴിഞ്ഞകാലങ്ങളില്‍ നടന്നതുമായ ഭൂമിതട്ടിപ്പുകളും മുക്കുപണ്ട പണയതട്ടിപ്പുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാജ ആധാരങ്ങള്‍ നിര്‍മ്മിച്ച് സിപിഎം നേതൃത്വത്തിന്റെയും പാര്‍ട്ടി അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഒത്താശയോടെ വന്‍ ഭൂമിതട്ടിപ്പാണ് ധര്‍മ്മടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
പാര്‍ട്ടി നിയന്ത്രണത്തിലുളള ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പും വന്‍ അഴിമതിയും നടക്കുകയാണ്. ഭൂമിതട്ടിപ്പുമായും സ്വര്‍ണ്ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസും ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും അവഗണിക്കുയാണ്. മാഫിയ ബന്ധമുളള തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയാണ് ഭരണകൂടം അവലംബിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവ് പോലും മാഫിയ സംഘം വ്യാജമായി ഇറങ്ങിയിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. വില്ലേജ് ഓഫീസുകളില്‍ വ്യാജ രേഖയുമായി എത്തുന്നവര്‍ക്കെല്ലാം നികുതി മുറിച്ച് നല്കുന്ന സ്ഥിതിയാണ്.
മണ്ഡലത്തിലെ സ്വന്തം പേരിലുളള സ്ഥലം തന്റെ പേരിലാണെന്ന് ഭൂവുടമകള്‍ തെളിയിക്കേണ്ട സ്ഥിതിയാണ്.വ്യാജ ആധാരത്തിന് പരിരക്ഷ നല്‍കുകയാണ് സിപിഎമ്മും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരും . ലക്ഷങ്ങളുടെ സ്വര്‍ണ്ണപണയ തട്ടിപ്പ് ധര്‍മ്മടം ബാങ്ക് ഭരണസമിതിയും പാര്‍ട്ടിയും രഹസ്യമായി ഒതുക്കി തീര്‍ത്ത് ഒത്തുതീര്‍പ്പാക്കുകയാണ്. മുക്ക് പണ്ട തട്ടിപ്പ് നടത്തിയവര്‍ക്ക് പലിശയില്ലാതെ അനധികൃതമായി വായ്പ അനുവദിച്ച് പരാതി ഇല്ലാതാക്കുകയാണ്.
ധര്‍മ്മടം മണ്ഡലത്തിലെ അണ്ടല്ലൂരില്‍ തന്റെ പിതാവിന്റേതായി ലഭിച്ച സ്വന്തം ഭൂമി മാഫിയ സംഘം തട്ടിയെടുത്തതിനെ തുടര്‍ന്ന് 2007 മുതല്‍ നിയമ പോരാട്ടം നടത്തുന്ന എടക്കാട് സ്വദേശി ഹെന്സ എന്ന സ്ത്രീയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പിതാവിന്റെ മരണശേഷം അവകാശികളായ തങ്ങള്‍ക്ക് ലഭിക്കേണ്ട 92 സെന്റ് ഭൂമിയില്‍ നല്ലൊരു ഭാഗം സിപിഎം പ്രാദേശിക ഘടകത്തിന്റെയും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരുടേയും സഹായത്തോടെ എഴോളം വ്യക്തികള്‍ ചേര്‍ന്ന് കയ്യേറി വ്യാജ രേഖയുണ്ടാക്കി വീട് നിര്‍മ്മാണം ഉള്‍പ്പെടെ നടത്തിയിരിക്കുയാണെന്ന് ഇവര്‍ പറഞ്ഞു. പിതാവ് മുഖാന്തിരം ലഭിച്ച ഭൂമിയില്‍ ആധാര പ്രകാരമുളള അവകാശം സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി ജില്ല കലക്ടര്‍ക്കടക്കം പരാതികള്‍ നല്കി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. രാജന്, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു, ജനറല്‍ സെക്രട്ടറി ജിനചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: