ലിസ്ബണ്‍: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ഇതാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. ആദ്യ സെമിഫൈനലില്‍ അവര്‍ ജര്‍മന്‍ ടീമായ ആര്‍ബി ലീപ്സിഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയെങ്കിലും ഏയ്ഞ്ചല്‍ ഡി മരിയായാണ് സെമിഫൈനലിലെ താരമായത്. ഒരു ഗോള്‍ അടിക്കുകയും മറ്റ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും ഈ പ്രതിഭയാണ്. ഏയ്ഞ്ചലിന് പുറമെ മാര്‍ക്വിനോസും യുവാന്‍ ബെര്നാറ്റുമാണ് ഗോളുകള്‍ നേടിയത്.
തുടക്കം മുതല്‍ പിഎസ്ജിയുടെ മേധാവിത്വമാണ് കണ്ടത്. ആദ്യ നിമിഷങ്ങളില്‍ നെയ്മറുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പിഎസ്ജിയെ പിടിച്ചുകെട്ടാനുള്ള ലീപ്സിഗിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പതിമൂന്നാം മിനിറ്റില്‍ പിഎസ്ജി ലീഡ് എടുത്തു.
ഏയ്ഞ്ചല്‍ ഡി മരിയയാണ് ഗോളിന് വഴിയൊരുക്കിയത്. ഏയ്ഞ്ചലിന്റെ ഫ്രീ കിക്കില്‍ ഉയര്‍ന്ന് ചാടി തലവെച്ച് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്വിനോസ് പന്ത് ലീപ്സിഗിന്റെ വലയിലാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ പിഎസ്ജി ലീഡ് ഉയര്‍ത്തി.
ഏയ്ഞ്ചല്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ നേടിയത്. വഴിയൊരുക്കിയത് നെയ്മറും. ലീപ്സിഗ് പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറിയ നെയ്മര്‍ പന്ത് , മാര്‍ക്ക് ചെയ്യപ്പെടാതെ നില്ക്കുന്ന ഡി മരിയയ്ക്ക് പാസ് ചെയ്തു. ഒന്നാന്തരമൊരു ഷോട്ടിലുടെ മരിയ ഗോള്‍ നേടി. ഇടവേളയ്ക്ക് പിഎസ്ജി 2-0 ന് മുന്നിട്ടുനിന്നു.
പിഎസ്ജിയെ ശക്തമായി പ്രതിരോധിക്കാന്‍ ലീപ്സിഗ് രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. എന്നിട്ടും അവര്‍ക്ക് പിഎസ്ജിയെ തടയാനായില്ല. അമ്പത്തിയാറാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ഡി മരിയയുടെ പാസ് മുതലാക്കി യുവാന്‍ ബെര്നാറ്റാണ് ഇത്തവണ ലക്ഷ്യം കണ്ടത്.
ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് പിഎസ്ജി ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് കലാശക്കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: