ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ അക്രമത്തില്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഇടാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഇതിന് നഷ്ടപരിഹാര കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ബാനസവാഡി സബ് ഡിവിഷന്റെ കീഴില്‍ ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആവശ്യമെങ്കില്‍ ഗൂണ്ടാ ആക്ട് പ്രതികള്‍ക്കെതിരെ ചുമത്തും. കേസുകള്‍ നടത്തുന്നതിന് മൂന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ടീമിനെ ചുമതലപ്പെടുത്തും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഇതുവരെ മുന്നൂറിലധികം പേരെ അറസ്റ്റു ചെയ്തു. ഇതില്‍ 80പേരെ ബെല്ലാരി ജയിലിലേക്ക് മാറ്റി.
എസ്ഡിപിഐ ബെംഗളൂരു ജില്ലാ പ്രസിഡന്റ് മുസാമ്മില്‍ പാഷ, കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ ഇര്‍ഷാദ് ബീഗത്തിന്റെ ഭര്‍ത്താവ് ഖലീം പാഷ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 11ന് രാത്രി പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയൂടെ സഹോദരി പുത്രന് നവീന്‍ പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ഇട്ട ഫേസബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ക്ക് തുടക്കം.
ശ്രീനിവാസ മൂര്‍ത്തിയുടെയും ബന്ധുക്കളുടെ വീടുകളും വാഹനങ്ങളും ആക്രമിച്ച് തീവച്ച സംഘം കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്കു നേരെയും ആക്രമണം നടത്തി. അക്രമകാരികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര് മരിച്ചിരുന്നു. പോലീസ് അറസ്റ്റു ചെയ്ത പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം കൊറോണ രോഗബാധിതനായി ബെംഗളൂരു ആശുപത്രിയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: