കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമവായ ശ്രമങ്ങളോട് നിസഹകരിക്കുകയും അക്രമത്തിലൂടെ നിയമവാഴ്ച തകര്‍ക്കുകയും കോടതി വിധികളോട് മുഖം തിരിക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന നിയമ നിഷേധം അധികാരികളുടെ പിന്തുണയോടെയാണ്.
മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വിധി നടപ്പാക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം കോടതി വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ്. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പള്ളിയെ സംബന്ധിച്ച് അന്തിമ വിധി വന്നതാണ്. തുടര്‍ന്ന് ഈ രണ്ട് കേസുകള്‍ക്കും എതിര്‍കക്ഷികള്‍ റിവ്യൂ പെറ്റീഷന് നല്‍കുകയും അവയെല്ലാം തള്ളുകയുമാണുണ്ടായത്. വിധി നടപ്പാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ കേസിന് മേലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നിരിക്കുന്നത്.
ഗുരുതരമായ കോടതിയലക്ഷ്യമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിധി നടത്തിപ്പ് നടപടികളിലേക്ക് നീങ്ങിയത്. സകല നിയമങ്ങളും ലംഘിച്ച് ആള്‍ക്കുട്ടത്തെ കൂട്ടി മുഷ്ടിബലം കൊണ്ട് ഏത് നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാമെന്നുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ചിന്തയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കലാപങ്ങള്‍ക്ക് കാരണം. അത് മാറണമെങ്കില്‍ നീതിന്യായ വ്യവസ്ഥയോട് ആദരം പുലര്‍ത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകണം.
ഓണക്കൂര്‍ പളളിയെ സംബന്ധിച്ച് 2010ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വികാരി ഫാ. മാത്യൂസ് കാഞ്ഞില്‍പാറ പള്ളിയില്‍ എത്തുകയും അദ്ദേഹത്തെ പള്ളിയില്‍ വച്ച് മൃഗീയമായി ആക്രമിക്കുകയും ചെയ്തു. നിരവധി ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് മൂഖ്യമന്ത്രിമാരുടെയും മന്ത്രിസഭാ ഉപസമിതിയുടെയും കളക്ടര്‍, എസ്പി. മുതലായവരുടെയും നേതൃത്വത്തില്‍ നടന്നിട്ടുളളതാണ്. ഈ ചര്‍ച്ചകള്‍ ഒന്നും തന്നെ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കേസ് നടത്തിപ്പുമായി മുന്നോട്ട് പോയത്. ഇത് കേവലം കോലഞ്ചേരി പളളിയുടെയോ, മുളന്തുരുത്തി പളളിയുടെയോ പിറവം പള്ളിയുടെയോ മാത്രം പ്രശ്നം അല്ല. എഴുപതുകളില്‍ നടന്നുകൊണ്ടിരുന്നത് നിയമ വിരുദ്ധമാണെന്നും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടണമെന്നും ഈ കൈയേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമുളള കണ്ടെത്തലിന്റെ തുടര്‍ നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: